വിദ്യാർത്ഥികൾക്ക് അത്ഭുത യാത്രയൊരുക്കി പൂക്കോട്ടൂരിലെ എൽ പി സ്കൂൾ

0
938

പൂക്കോട്ടൂർ/മലപ്പുറം: മികച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെ ശ്രദ്ധേയമായ പൂക്കോട്ടൂർ ഓൾഡ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു അത്ഭുത യാത്ര ഒരുക്കുന്നു. സ്കൂൾ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദി സ്കോളർഷിപ്പ് എന്ന പേരിൽ ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തി അതിൽ വിജയികളായവരെ ആകാശയാത്രയ്ക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കോളർഷിപ്പിൽ വിന്നേഴ്സ് ആയ 20 കുട്ടികളെയും കൊവിഡിന് മുമ്പ് ഇതുപോലെ സ്കോളർഷിപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 20 പേരെയും ഉൾപ്പെടുത്തി ആകെ 40 വിദ്യാർഥികളെയാണ് മാർച്ച് 16 ന് വ്യാഴാഴ്ച ആകാശ യാത്രയ്ക്കായി കൊണ്ടുപോകുന്നത്.
ഒ എം ആർ ഷീറ്റ് ഉപയോഗിച്ചുള്ള എഴുത്തു പരീക്ഷയും അതിനുശേഷം ഇന്റർവ്യൂവും നടത്തിയിട്ടാണ് കുട്ടികളെ തിരഞ്ഞെടുത്തത്.
കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബംഗളൂരുവിലേക്കാണ് ഈ യാത്ര.

ബംഗളൂരുവിലെ കാഴ്ചകൾ കണ്ട് മാർച്ച്‌ 18 ന് രാവിലെ കുട്ടികൾ സ്കൂളിൽ തിരിച്ചെത്തും.
ആസാദി സ്കോളർഷിപ്പിൽ റണ്ണേഴ്സ് ആയ 66 കുട്ടികളെ ഇക്കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്ക്കായി കൊണ്ടുപോയിരുന്നു. പൂർണ്ണമായും സൗജന്യമായ ഈ യാത്രക്ക് വേണ്ട ചെലവുകൾ വഹിക്കുന്നത് സ്കൂൾ അലുംനി ഖത്തർ, സഊദി അറേബ്യ ചാപ്റ്ററുകളാണ്.

കുട്ടികൾക്കായി കിഡ്സ് പാർക്കും, എയർകണ്ടീഷൻഡ് കോൺഫറൻസ് ഹാളും,
മികച്ച ലൈബ്രറിയും, അതിവിശാലമായ ഡൈനിങ് ഹാളും, ഇൻഡോർ ടർഫ് കോർട്ടും ഉൾപ്പെടെ മികച്ച സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിൽ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇതുപോലെയുള്ള സ്കോളർഷിപ്പ് പദ്ധതി സ്കൂളിനെ വ്യത്യസ്തമാക്കുന്നു.
ആകാശ യാത്രയിൽ വിദ്യാർത്ഥികൾക്ക് ഒപ്പം സ്കൂളിന്റെ ഗുഡ്വിൽ അംബാസിഡർ മുഹമ്മദലി ശിഹാബ് ഐ എ എസ്, സ്കൂൾ സഊദി അറേബ്യ അലുംനി ചെയർമാൻ മുജീബ് പൂക്കോട്ടൂർ, ഖത്തർ അലുംനി ചെയർമാൻ സലാം പേരാപുറത്ത്, ഹെഡ്മിസ്ട്രസ് വി എൻ അംബിക ടീച്ചർ, പിടിഎ പ്രസിഡണ്ട് വി പി സലീം എന്നിവർ അനുഗമിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക