പ്രവാസികൾക്ക് താത്കാലിക ആശ്വാസം, അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സ്വദേശിവത്കരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം

0
2221

റിയാദ്: സഊദി അറേബ്യയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സഊദിവത്കരണത്തിന്റെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സഊദിവത്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പെയിന്റിങ് തൊഴിലാളി, ശുചീകരണ തൊഴിലാളി, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവര്‍, കയറ്റിറക്ക് തൊഴിലാളി, ഹെയര്‍ ഡ്രസ്സര്‍, പ്ലംബര്‍, പ്രത്യേക യോഗ്യതയും സ്‌പെഷ്യലൈസ്ഡ് സര്‍ട്ടിഫിക്കറ്റുകളും ആവശ്യമുള്ള കളിയുപകരണങ്ങളുടെ ഓപ്പറേറ്റര്‍ എന്നീ തൊഴിലാളികളെയാണ് സഊദിവത്കരണ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

സഊദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയ തൊഴിലാളികള്‍ യൂനിഫോം ധരിക്കലും തൊഴിലാളികളുടെ ജോലികള്‍ യൂനിഫോമിന്റെ പിന്‍വശത്ത് രേഖപ്പെടുത്തലും നിര്‍ബന്ധമാണ്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ 70 ശതമാനവും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ 100 ശതമാനവും സഊദിവത്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിലവില്‍വന്നു. നേരത്തെ തന്നെ ഇക്കാര്യം മന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നു.

മാളുകൾ, സെയിൽസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സഊദി വത്ക്കരണം നടത്തുന്നതിനായി മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. മൂന്ന് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ 51,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം കരുതുന്നത്.

മാളുകളിലെ തൊഴിലുകൾ പൂർണ്ണമായും സഊദിവത്കരിക്കുന്നതാണ് ഒന്നാമത്തെ തീരുമാനം. കൊമേർഷ്യൽ കോംപ്ലക്സുകളിലെ മുഴുവൻ തൊഴിലുകളും ഷോപ്പിംഗ് കേന്ദ്രങ്ങളോടനുബന്ധിച്ച ഓഫീസുകളിലെ ജോലികളും സഊദിവത്കരിക്കാനാണ് നീക്കം. ഈ സമുച്ചയങ്ങളിലെ പരിമിതമായ എണ്ണം പ്രവർത്തനങ്ങളും തൊഴിലുകളും ഒഴികെയുള്ളതിൽ സമ്പൂർണ്ണ സഊദിവത്കരണം നടത്താനാണ് നീക്കം. പ്രധാന കേന്ദ്ര വിതരണ ഔലെറ്റുകളിൽ സഊദിവത്കരണ നിരക്ക് വർധിപ്പിക്കുന്നതിനും തീരുമാനമുണ്ട്.

നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നതിനും തീരുമാനങ്ങൾ വാണിജ്യ സ്ഥാപനങ്ങൾ പാലിക്കുകയും ചെയ്യണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലുടമകൾക്ക് ഈ തീരുമാനങ്ങൾക്കുള്ള നടപടിക്രമങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും അറിയാൻ സാധിക്കുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു.

സഊദിയിൽ മാളുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു