ദോഹ: ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി പ്ലാന്റായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ നടന്ന ഇറാന്റെ മിസൈലാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ ഇന്നലെ (ബുധൻ) രാത്രിയോടെയാണ് ലോകത്തെ നടുക്കിയ ആക്രമണമുണ്ടായത്.
ആഗോള എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന റാസ് ലഫാൻ പ്ലാന്റിന് നേരെ അഞ്ച് മിസൈലുകളാണ് ഇറാൻ തൊടുത്തത്. ഇതിൽ നാലെണ്ണം ഖത്തർ പ്രതിരോധ സേന ആകാശത്തുവച്ച് വെടിവച്ചിട്ടെങ്കിലും ഒരെണ്ണം പ്ലാന്റിൽ പതിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയുണ്ടായ രണ്ടാമത്തെ ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി. തീ നിയന്ത്രണവിധേയമാണെന്നും ജീവനക്കാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നതായും ഖത്തർ എനർജി അറിയിച്ചു.
ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പിന്നാലെ ഖത്തറിലെ ഇറാൻ മിലിട്ടറി അറ്റാഷെ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഖത്തർ ഉത്തരവിട്ടു.
എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരോടാണ് രാജ്യം വിടാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ ‘അഭികാമ്യമല്ലാത്ത വ്യക്തികളായി’ (Persona Non Grata) പ്രഖ്യാപിച്ചാണ് ദോഹയുടെ അസാധാരണ നടപടി.





