സഊദിയിലേക്ക് ഇടതടവില്ലാതെ മിസൈൽ, ഡ്രോൺ; പ്രതിരോധകോട്ട കെട്ടി തകർത്ത് സൈന്യം, റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്ക്

0
7
  • ഇറാന് മുന്നറിയിപ്പ് നൽകി സഊദി അറേബ്യ

റിയാദ്: സഊദിക്കെതിരെ വ്യാഴാഴ്ച വൈകീട്ടും രാത്രിയും കടുത്ത മിസൈൽ, ഡ്രോൺ ആക്രമണ ശ്രമം. സഊദിയുടെ താഡ്റി, പാട്രിയേറ്റ് മിസൈൽ പ്രതിരോധ സംവിധാനം സജ്ജമായി ഇവയെ തകർത്തതോടെ ശത്രുക്കളുടെ ലക്ഷ്യം തകർന്നു. തലസ്ഥാന നഗരിയായ റിയാദ്, പ്രധാന എണ്ണ കേന്ദ്രമായ കിഴക്കൻ സഊദിയിലെ എണ്ണ കേന്ദ്രങ്ങൾ, അൽ ഖർജിലെ സൈനിക കേന്ദ്രം എന്നിവ ലക്ഷ്യമാക്കിയാണ് ഡ്രോണുകളും മിസൈലുകളും പറന്നെത്തിയത്.

ഇതിനിടെ, റിയാദിലെ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് നാലു പ്രവാസികൾക്ക് പരിക്കേറ്റു. മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾ പതിച്ചതെന്ന് സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു. സംഭവത്തിൽ ഏഷ്യൻ പൗരത്വമുള്ള നാല് പ്രവാസികൾക്ക് പരിക്കേറ്റതായും ചിലയിടങ്ങളിൽ പരിമിതമായ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും വക്താവ് വ്യക്തമാക്കി.

സിവിൽ ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ആക്രമണശ്രമങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് ഊന്നിപ്പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള സുരക്ഷാ നടപടികൾ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ പ്രവിശ്യയിൽ 10 ഡ്രോണുകളും  മേഖലയിലേക്ക് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞുനിർത്തി നശിപ്പിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു

വ്യാഴാഴ്ച 22 ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചു, അതിൽ 5 എണ്ണം ഊർജ്ജ നിലയങ്ങളിൽ ഒന്നിനെ ലക്ഷ്യമാക്കിയാണ് എത്തിയത്, കിഴക്കൻ പ്രവിശ്യയിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും റിയാദിൽ 8 മിസൈലുകളും, റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് അടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഡ്രോണുകളും സൈന്യം തകർത്തതായും അദ്ദേഹം അറിയിച്ചു.