റിയാദ്: സഊദിയിൽ വിവിധ മേഖലകളിൽ കൂടുതൽ സഊദി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യവുമായി സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചു. മാളുകൾ, സെയിൽസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സഊദി വത്ക്കരണം നടത്തുന്നതിനാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. മൂന്ന് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ 51,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം കരുതുന്നത്.
മാളുകളിലെ ഓഫീസുകളിൽ നൂറ് ശതമാനവും കഫെകളിൽ അമ്പത് ശതമാനവും റെസ്റ്റോറന്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും നാൽപത് ശതമാനവുമാണ് സഊദിവത്ക്കരണം നടത്തേണ്ടത്. ക്ളീനർ, കയറ്റിറക്ക് തൊഴിലാളികൾ, കളിപ്പാട്ട മെയിന്റനൻസ് ടെക്‌നീഷ്യൻ, ബാർബർ തുടങ്ങിയ ജോലികളിലൊഴികെയാണ് സഊദിവത്കരണം പ്രഖ്യാപിച്ചത്. പ്രഖ്യാപന ദിവസമാണ് ഇന്ന് മുതൽ 120 ദിവസമാണ് സഊദിവത്കരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.
മാളുകളിലെ തൊഴിലുകൾ പൂർണ്ണമായും സഊദിവത്കരിക്കുന്നതാണ് ഒന്നാമത്തെ തീരുമാനം. കൊമേർഷ്യൽ കോംപ്ലക്സുകളിലെ മുഴുവൻ തൊഴിലുകളും ഷോപ്പിംഗ് കേന്ദ്രങ്ങളോടനുബന്ധിച്ച ഓഫീസുകളിലെ ജോലികളും സഊദിവത്കരിക്കാനാണ് നീക്കം. ഈ സമുച്ചയങ്ങളിലെ പരിമിതമായ എണ്ണം പ്രവർത്തനങ്ങളും തൊഴിലുകളും ഒഴികെയുള്ളതിൽ സമ്പൂർണ്ണ സഊദിവത്കരണം നടത്താനാണ് നീക്കം. പ്രധാന കേന്ദ്ര വിതരണ ഔലെറ്റുകളിൽ സഊദിവത്കരണ നിരക്ക് വർധിപ്പിക്കുന്നതിനും തീരുമാനമുണ്ട്.
നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നതിനും തീരുമാനങ്ങൾ വാണിജ്യ സ്ഥാപനങ്ങൾ പാലിക്കുകയും ചെയ്യണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലുടമകൾക്ക് ഈ തീരുമാനങ്ങൾക്കുള്ള നടപടിക്രമങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും അറിയാൻ സാധിക്കുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gc8KxhF192C3w8D7viEbwR