പ്രവാസികൾക്ക് കൂടുതൽ ആശ്വാസം, ഷാർജയിലേക്കും റാപ്പിഡ് കൊവിഡ് പരിശോധന ഒഴിവാക്കി

0
1060

ഷാർജ: ഷാർജയുടെ ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ നിരവധി രാജ്യങ്ങളിൽ നിന്ന് ഷാർജയിലേക്ക് പറക്കുന്ന യാത്രക്കാർക്കുള്ള റാപ്പിഡ് ആർടി-പിസിആർ ടെസ്റ്റ് റദ്ദാക്കിയതായി അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പിസിആർ, റാപ്പിഡ് പരിശോധനയാണ് ഒഴിവാക്കിയത്. ഇന്ന് രാവിലെ ദുബൈയും സമാനമായ തീരുമാനം കൈകൊണ്ടിരുന്നു.

യുഎഇ പൗരന്മാർ ഉൾപ്പെടെയുള്ള എയർ അറേബ്യ യാത്രക്കാർ, ഫ്ലൈറ്റ് എത്തിച്ചേരുന്ന സമയം മുതൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് -19 പിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് എയർലൈൻ അറിയിച്ചു. എന്നിരുന്നാലും, യാത്രക്കാർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

“എത്തിച്ചേരുന്ന വിമാനത്താവളത്തിൽ യാത്രക്കാർ മറ്റൊരു പിസിആർ പരിശോധനയ്ക്ക് വിധേയരാകും. യാത്രക്കാർ പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് എയർപോർട്ടിൽ റാപ്പിഡ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല,” എയർലൈനിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതുക്കിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി.

അതേസമയം, അബൂദബി, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ ഇതുവരെയും ഇളവുകൾ നൽകാത്തത്തിനെ തുടർന്ന് ഇവിടേക്ക് വരുന്നവർക്ക് നാട്ടിലെ എയർപോർട്ടുകളിൽ നിന്നുള്ള റാപിഡ് പരിശോധന നിർബന്ധമാണ്.

പ്രവാസികൾക്ക് ആശ്വസിക്കാം, റാപിഡ് പി.സി.ആര്‍ ടെസ്റ്റിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കി