റിയാദ്: രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് തൊട്ടടുത്താണെന്ന് ആരോഗ്യ മന്ത്രാലയം. ഏറെ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് മന്ത്രാലയം പങ്ക് വെച്ചത്. സഊദി ജന ജീവിതം കൊവിഡ് കാലത്തിനു മുന്നേയുള്ളതിനോട് സമാനമായി മാറുകയാണെന്നും അതിന്റെ തൊട്ടടുത്തായി എത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രിവന്റീവ് ഹെൽത്ത് അണ്ടർസെക്രട്ടറി ഡോ: അബ്ദുല്ല അസിരി വെളിപ്പെടുത്തി.
“നമ്മൾ മഹാമാരിയുടെ അവസാനത്തിന്റെ വക്കിലാണ്, മനുഷ്യരിലും സമ്പദ്‌വ്യവസ്ഥയിലും അതിന്റെ ആഘാതം ഏറ്റവും താഴ്ന്ന നിലയിലാണ്, കൊറോണ മഹാമാരിക്ക് മുമ്പുള്ള ജീവിതത്തിലേക്ക് നമ്മുടെ ഇപ്പോഴത്തെ ജീവിതം വളരെ അടുത്താണ്” അദ്ദേഹം പറഞ്ഞു.
അതേസമയം, കൊറോണ മഹാമാരിയിൽ പിന്തുടരുന്ന ശേഷിക്കുന്ന മുൻകരുതലുകൾ എടുത്തുകളയാനുള്ള തീരുമാനങ്ങളിൽ നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ഘടകങ്ങൾ പരിശോധിച്ചായിരിക്കും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളുക.
അടുത്തിടെ ആഗോളതലത്തിലും അറബ് ലോകത്തും നിരവധി രാജ്യങ്ങൾ കൊറോണയുടെ മിക്ക നിയന്ത്രണങ്ങളും നീക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ഇതേ അവസ്ഥയിലേക്ക് സഊദിയും എത്തുമെന്നതാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.




