- ‘ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..’; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം
കൊല്ലം: വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ദേശാഭിമാനിയുടേയും കൈരളിയുടേയും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇത് മോശമാണെന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതൊരു സ്ഥിരം ശൈലിയാണെന്നും പിന്നെ എന്തിനാണ് വാര്‍ത്താസമ്മേളനം എന്ന് പറഞ്ഞ് വിളിച്ചുകൂട്ടിയതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതോടെ എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തുകയും ചോദ്യം മനസിലുണ്ടായാല്‍ പോരാ ചോദ്യം ചോദിക്കണമെന്നും മറുപടി നല്‍കി.
ഏത് മാധ്യമപ്രവര്‍ത്തകരാണെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. ചോദിച്ചതിന് മറുപടി വിശദമായി പറഞ്ഞു. എല്ലാവര്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നും മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.





