കോഴിക്കോട്: യുഎഇ യിലേക്ക് പ്രവേശനനാനുമതി ഇന്ന് മുതൽ നിലവിൽ വരുമെങ്കിലും യാത്ര ചെയ്യാനാകാതെ പ്രവാസികൾ നിരാശയിൽ. യുഎഇയുടെ കടുത്ത നിബന്ധനകൾ പ്രാല്യത്തിൽ വരുത്താൻ കഴിയാതായതോടെ വിമാനകമ്പനികൾ ടിക്കറ്റ് വിൽപ്പന നിർത്തി വെച്ചത് മൂലം ആയിരക്കണക്കിന് പ്രവാസിസികളാണ് നിരാശയിലായത്. ഇതോടെ, വാക്സിൻ സ്വീകരിച്ചവർക്ക് ബുധനാഴ്ച മുതൽ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്.
രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ജൂൺ 23 മുതൽ ദുബൈയി ലേക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് വിവിധ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും നിബന്ധനകൾ നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് കണ്ടതോടെ ബുക്കിങ് നിർത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് നിർത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല. യാത്രവിലക്ക് സംബന്ധമായ അവ്യക്തതകൾ നിലനിൽക്കുന്നതിനാലാണ് എയർലൈനുകൾ ബുക്കിങ് നിർത്തിയത്. ഇതുസംബന്ധിച്ച് പുതിയ അറിയിപ്പ് ലഭിക്കാത്തതിനാൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളും നിരാശയിലായി.
രണ്ട് ഡോസ് വാക്സിനെടു അവർ തന്നെ യാത്രയ്ക്ക് 48 മ ണിക്കൂർ മുൻപ് എടുത്ത പി.സി. ആർ ടെസ്റ്റിന് പുറമേ, നാലു മണിക്കൂർ മുൻപ് വീണ്ടും റാപ്പി ഡ് പി.സി.ആർ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണമെന്നാണ് നിർദേശം. ഇതാണ് യാത്രക്കാരെ വലക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന് സംവിധാനം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, എന്ന് മുതലാണ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലും സംസ്ഥാന സർക്കാർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ് അറിയുന്നത്. എങ്കിലും ഇക്കാര്യത്തിലും തീരുമാനം ആയിട്ടില്ല.
കൂടാതെ, മറ്റ് എമിറേറ്റുകളിലെ വിസക്കാർക്ക് ദുബൈയിലെത്താമോ, വാക്സിനെടുക്കാത്ത കുട്ടികൾക്ക് യാത്ര ചെയ്യാമോ, ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക് യാത്രാവിലക്കുണ്ടോ, ജി.ഡി.ആർ.എഫ്എയുടെ അനുമതി വേണോ തുടങ്ങിയ വിഷയങ്ങളിൽ എയർലൈനുകൾക്കുപോലും വ്യക്തമായ ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ബുക്കിങ് നിർത്തിയത്. “സോൾഡ് ഔട്ട്” എന്നാണ് ഇവരുടെ വെബ്സൈറ്റുകളിൽ കാണിക്കുന്നത്.