മനാമ: ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ നൽകുന്നത് ബഹ്‌റൈൻ നിർത്തിവെച്ചു. ഈ രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായതിനെ തുടർന്നാണ് താത്കാലിക നടപടി. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ നൽകുന്നത് മരവിപ്പിച്ചത്. ബഹ്റൈനിലെ ദേശീയ കൊവിഡ് പ്രതിരോധ സമിതിയുടെ നിർദേശപ്രകാരം റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്കാലികമായി പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു.
ഇവിടെ നിന്ന് വരാൻ ഉദ്ദേശിക്കുന്നവർക്ക് വിസിറ്റിങ്ങ് വിസയും ഈ കാലയളവിൽ അനുവദിക്കുന്നതല്ല. ഇവിടെ നിന്ന് പൗരമാർക്കും, വാലിഡ് റെസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. മറിച്ചൊരു തീരുമാനം വരുന്നത് വരേ ഇതേ നില തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയെ കൂടാതെ ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലുള്ളത്.