മസ്കത്ത്: കൊവിഡ് പശ്ചാത്തലത്തിൽ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതോടെ ഒമാനിലെ പൊതു ഇടങ്ങളിൽ ആളുകളെത്തിത്തുടങ്ങി. ബീച്ചുകളിലും പാർക്കുകളിലും മാനദണ്ഡങ്ങൾ പാലിച്ച് ആളുകൾ ആഘോഷങ്ങൾക്കായി എത്തുന്നതായാണ് റിപ്പോർട്ട്. ജാഗ്രതയോടെയാണെങ്കിലും ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്.
മാളുകളിൽ കുട്ടികളുമായി എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പള്ളികളിലും അഞ്ചു നേരത്തെ നിസ്കാരത്തിനായി ആളുകൾ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. പ്രവാസികളും കുടുംബത്തോടൊപ്പം വാരാന്ത അവധി ദിവസങ്ങളിൽ പാർക്കുകളിൽ എത്തിച്ചേർന്നു. അതേസമയം പൊതുസ്ഥലങ്ങളിൽ പൗരന്മാരും വിദേശികളും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടു. രോഗവ്യാപനം പ്രതിസന്ധി സൃഷ്ടിച്ചാൽ വീണ്ടും ലോക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ട നിർബന്ധ സാഹചര്യം സർക്കാറിനുണ്ടാകും.
കൊവിഡ് കാരണം ഒരുവർഷത്തോളമായി അടഞ്ഞു കിടക്കുകയായിരുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ ഉടൻ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സുപ്രീം കമ്മിറ്റി 30 ശതമാനം പേരെ ഉൾക്കൊള്ളിച്ച് പരിപാടികളും വിവാഹവും സംഘടിപ്പിക്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് തുറക്കാനുള്ള തീരുമാനമെടുത്തത്.