കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകാൻ പി സി ആർ ടെസ്റ്റ് റിസൾട്ട് വേണമെന്ന എയർ ഇന്ത്യ അധികൃതരുടെ പിടിവാശിക്ക് മുന്നിൽ ദുരിതത്തിലായി യാത്രക്കാർ. സഊദിയിലേക്കുള്ള യാത്രാ മധ്യേ നേപ്പാളില്‍ കുടുങ്ങി ഏറെ ദുരിതം അനുഭവിച്ച് ഒടുവിൽ നാട്ടിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്ന ഹതഭാഗ്യരുടെ മുന്നിലാണ് ഈ നിബന്ധന എയർ ഇന്ത്യ മുന്നോട്ട് വെച്ചത്. ഇവരെ കൂടാതെ, ഉത്തരേന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും കരിപ്പൂരിലേക്ക് വരുന്നവരും ഉണ്ടായിരുന്നു.
കരിപ്പൂരിലേക്ക് പോകണമെങ്കിൽ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട എയര്‍ഇന്ത്യക്ക് കൊച്ചിയിലേക്കൊ കണ്ണൂരിലെക്കൊ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പോകാൻ കഴിയുമെന്നതാണ് ഏറെ വിചിത്രം. ഒടുവിൽ നിവൃത്തിയില്ലാതെ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് മലയാളി സംഘം പറക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളം തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള നാടകമാണ് ഇതെന്ന് ആക്ഷേപം ഇതിനകം ഉയർന്നു കഴിഞ്ഞു.
ഇവരിൽ പലർക്കും നേരത്തെ തന്നെ ബോർഡിങ് പാസ് നൽകിയിരുന്നിട്ടും വിമാനത്തിൽ കയറാൻ നേരത്താണ് പി സി ആർ ടെസ്റ്റ് ആവശ്യപ്പെട്ടത്. നേരത്തെ ടിക്കറ്റ് എടുത്തപ്പോഴും ഇത് വേണ്ടി വരുമോയെന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു മറുപടി. ഒടുവിൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് വേറെ ടിക്കറ്റെടുത്ത് പോകുകയായിരുന്നു.
യാത്രക്കാർ അനുഭവം വിവരിക്കുന്നു