ദുബൈ: ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. ജൂൺ 14 ന് വിലക്ക് നീങ്ങാനിരിക്കെയാണ് പുതിയ തീരുമാനം. ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുറയുന്നതിനാല്‍ യുഎഇ യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനം. വിലക്ക് നീട്ടിയത് സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻസ് ട്രാവൽ ഏജൻസികൾക്ക് സർക്കുലർ കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ഉയർന്ന കൊവിഡ് വ്യാപനത്തെ തുടര്‍ന്ന മെയ് 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയ്ക്ക് അനുമതി നൽകാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യുഎഇ സിവിൽ ഏവിയേഷന്‍റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരവധി പ്രവാസികളാണ് യാത്രാവിലക്കില്‍ ബുദ്ധിമുട്ടുന്നത്. സഊദി പ്രവാസികൾക്കും ഈ നീക്കം തിരിച്ചടിയായി മാറിയിരിക്കുകയാണ്.
യു എ ഇ യിൽ നിന്നുള്ള വിലക്ക് സഊദി അറേബ്യ പിൻവലിച്ചതിനെ തുടർന്ന് രണ്ടാഴ്ച്ചക്ക് ശേഷം ദുബൈ വഴി സഊദിയിലേക്ക് യാത്ര ചെയ്യാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സഊദി പ്രവാസികൾ. എന്നാൽ, യു എ ഇ യുടെ പുതിയ തീരുമാനം കടുത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ ഇനി ഒരു മാസം സഊദി പ്രവാസികൾ ദുബൈ വഴി പ്രവേശനത്തിനായി കാത്തിരിക്കണം.