Saturday, 27 July - 2024

പ്രവാസി വിരുദ്ധ വാക്‌സിൻ നയം: കെഎംസിസി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു

ജിദ്ദ: പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്സിനേഷൻ നയത്തിനെതിരെ ജിദ്ദ കെ.എം.സി.സി.യും ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പ് സി. ഇ. ഒ റഹീം പട്ടർകടവനും  നൽകിയ ഹർജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകോളോട് ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം. ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് വി.പി. മുസ്തഫയാണ് ഹർജി നൽകിയത്.
കോവിഡ് സർട്ടിഫിക്കറ്റിലുള്ള  അപാകത മൂലം പ്രവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ കോടതിയിൽ ബോധിപ്പിച്ചു.ഹർജി അടുത്ത ആഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സഊദിയിലേക്കുള്ള പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് കോടതിയെ ധരിപ്പിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ സഊദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്കരമാണ്.  ഇന്ത്യ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമായതിനാൽ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനിൽ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവിൽ സഊദിയിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ സഊദിയിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ  ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആണ് സഊദി നിഷ്കര്‍ഷിക്കുന്നത്. 

സഊദി സർക്കാരിന്റെ സർക്കുലർ പ്രകാരം ആസ്ട്ര സെനെക്ക വാക്സിൻ രണ്ടു ഡോസ് എടുക്കുന്നവർക്ക് ഇളവുകൾ ഉണ്ട്. പക്ഷേ ഇന്ത്യയിൽ ആസ്ട്ര സെനെക്ക വാക്സിൻ കോവീഷീൽഡ് എന്ന പേരിലാണ് നൽകുന്നത്. സർട്ടിഫിക്കറ്റിലും കോവീഷീൽഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീഷീൽഡ് എന്നത് ആസ്ട്രസെനെക്ക ആണെന്നത് സഊദി സർക്കാർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവീഷീൽഡ് വിക്സിനെടുത്ത് പോകുന്നവർക്ക് സഊയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. 
ഹൈക്കോടതിയോട് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത് കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നും സർട്ടിഫിക്കറ്റിൽ അത് വ്യക്തമായി പ്രതിപാദിക്കുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അതോടു കൂടെ പ്രവാസികളുടെ പാസ്പ്പോർട്ട് നമ്പറും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം എന്നുമാണ്. 

ഇന്ത്യയിൽ ലഭ്യമായ മറ്റൊരു വാക്സിൻ കോവാക്സിൻ നിലവിൽ സഊദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്സിൻ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്സിൻ എടുക്കാൻ പോകുമ്പോൾ മാത്രമാണ് അവർക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്. 
കോവാക്സിൻ എടുത്ത ഒരു പ്രവാസിയാണെങ്കിൽ അതിന്റെ ഒരു ആനുകൂല്യവും സഊദിയിൽ അയാൾക്ക് ലഭിക്കുകയില്ല. അതിനാൽ കോവാക്സിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ രണ്ടാമത്തെ ആവശ്യം. 

സഊദിയിലേക്കുള്ള യാത്രക്ക് ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഒരു പ്രവാസിക്ക് ചിലവാകുന്നത്. അതിൽ ഏകദേശം എഴുപതിനായിരം രൂപയും സഊദിയിൽ ഹോട്ടൽ ക്വാറന്റൈൻ സൗകര്യത്തിനായാണ് ചെലവഴിക്കേണ്ടി വരുന്നത്. അതിനാൽ ഈ രണ്ടു കാര്യങ്ങളും പരിഹരിച്ചാൽ എഴുപതിനായിരം രൂപയോളം ഓരോ പ്രവാസിക്കും യാത്രയിൽ ലാഭിക്കാനാകും. 
സർക്കാർ ശരിയായ രീതിയിൽ മാർഗ്ഗനിർദ്ദേശം നൽകിയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവുകയില്ലായിരുന്നു. അതുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഹർജിക്ക് മറുപടി പറയാൻ കോടതി ആവശ്യപ്പെട്ടത്.

മറ്റൊരു ആവശ്യമായി ഹർജിക്കാർ ഉന്നയിച്ച  നാട്ടിലുള്ള പ്രവാസികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്സിൻ നൽകണമെന്ന വിഷയത്തിൽ അനുകൂല നിലപാട് കേരള സർക്കാർ എടുത്തുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
പ്രവാസികൾക്കായി ജിദ്ദ കെ.എം.സി.സി നൽകിയ ഹർജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസയച്ചു വിശദീകരണം തേടിയ കേരള ഹൈക്കോടതി നടപടിയിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും നന്ദി രേഖപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്ന് അനുകൂലമായ മറുപടിയും നടപടിയും പ്രതീക്ഷിക്കുന്നതായി കെ.എം.സി.സി. നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

Most Popular

error: