ബെംഗളൂരു: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി കർണാടക സർക്കാർ. 17-ാം ബജറ്റ് അവതരണ വേളയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കുട്ടികളിൽ മൊബൈൽ ഉപയോഗം വർധിക്കുന്നതിൻ്റെ പ്രതികൂലഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.
സ്മാർട്ട്‌ഫോണുകളിലെ അനിയന്ത്രിതമായ ആക്‌സസ് സോഷ്യൽ മീഡിയ ആസക്തിയിലേക്ക് നയിക്കുന്നു എന്നത് വാസ്തവമാണ്. കൗമാരക്കാർക്കിടയിൽ ഉണ്ടാകുന്ന അമിതമായ സ്‌ക്രീൻ സമയം, അക്കാദമിക് മേഖലയിലെ ശ്രദ്ധക്കുറവ്, പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയുടെ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ടുവച്ചത്.
ഇത് നടപ്പിലാക്കിയാൽ, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറും. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന വൈസ് ചാൻസലർമാരുടെ കോൺക്ലേവിൽ സിദ്ധരാമയ്യ ഈ വിഷയം ചർച്ച ചെയ്യുകയും വിസിമാരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. മൊബൈൽ ആസക്തി, ഓൺലൈൻ ഗെയിമിങ്, കുട്ടികളുടെ പഠനത്തിൽ സാമൂഹിക സ്വാധീനം, ശാരീരിക ക്ഷമത എന്നിവയെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക ഉന്നയിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗ നിരോധനം നടപ്പിലാക്കുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ് എന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞതായി ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്തു. ഇത് നടപ്പാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പിന്തുണ ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





