മനാമ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. ഇന്ന് അർദ്ധ രാത്രി മുതൽ ജൂൺ 10 വരെയാണ് കവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീം കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
മാളുകൾ, സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ, ബീച്ചുകൾ, റസ്റ്റോറൻറുകൾ, കഫേകൾ എന്നിവ അടച്ചിടും. ഇവിടങ്ങളിൽ ഡെലിവറി അനുവദിച്ചിട്ടുണ്ട്. അതേസമയം, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവ പ്രവർത്തിക്കും. സർക്കാർ ഓസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. മുൻകരുതലുകൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് നാഷണൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്തു.
ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ സെന്ററുകൾ, സിനിമാ തിയറ്ററുകൾ എന്നിവ അടച്ചിടും, കോൺഫറൻസുകളും മറ്റ് പരിപാടികളും അനുവദിക്കില്ല, കായിക മത്സരങ്ങളിൽ കാണികൾ പാടില്ല, വീടുകളിലെ സ്വകാര്യ ചടങ്ങുകൾ നടത്തരുത്, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്സറികൾ, ട്രെയിനിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം മാത്രമായിരിക്കും അനുവദിക്കുക.
അന്താരാഷ്ട്ര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രഖ്യാപിച്ചിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും.