Saturday, 27 July - 2024

അന്താരാഷ്ട്ര സർവ്വീസുകൾക്കായി വിമാന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി

വിമാനത്താവളങ്ങൾ പൂർണ്ണ സജ്ജമെന്നും അതോറിറ്റി

റിയാദ്: മെയ് പതിനേഴു മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് നീക്കുന്നതോടെ അന്താരാഷ്ട്ര സർവ്വീസുകൾക്ക് സഊദി വിമാനത്താവളങ്ങളും വ്യോമ മേഖലയും സജ്ജമാണെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തേക്ക് സർവ്വീസുകൾ നടത്തുന്ന വിമാന കമ്പനികൾക്ക് സർവീസുകൾ നടത്താൻ സഊദി സിവിൽ എവിയേഷൻ അതോറിറ്റി നിർദേശവും നൽകി. പൗരന്മാർക്ക് വിദേശയാത്ര നടത്താനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രാജ്യത്ത് സർവ്വീസ് നടത്തുന്ന വിമാനക്കമ്പനികൾക്കുള്ള നിർദേശത്തിൽ വ്യക്തമാക്കി.

കൊവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവരും ഒരു ഡോസ് ലഭിച്ചവരിൽ 14 ദിവസങ്ങൾ കഴിഞ്ഞവർക്കുമാണ് യാത്ര ചെയ്യാൻ അനുവാദം നൽകാവൂ എന്ന് സിവിൽ എവിയേഷൻ അതോറിറ്റി വിമാന കമ്പനികളെ അറിയിച്ചു. വൈറസ് ബാധിച്ച് സുഖപ്പെട്ട് 6 മാസത്തിൽ താഴെയായവർക്കും അനുമതി നൽകും. തവക്കൽന ആപ് വഴി ഇക്കാര്യം സ്ഥിരീകരിക്കുന്നവർക്ക് മാത്രമാണ് അനുമതി നൽകുക.

കൂടാതെ, ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള പൗരന്മാർ, സെൻട്രൽ ബാങ്ക് ഓഫ് സഊദി അറേബ്യ അംഗീകരിച്ച ഇൻഷുറൻസ് പോളിസി യാത്രയ്ക്ക് മുമ്പായി കരസ്ഥമാക്കിയിരിക്കണം. മെയ് പതിനേഴിന് പുലർച്ചെ ഒരു മണി മുതൽ യാത്ര അനുവദിക്കുമെന്നും അതോറിറ്റി അറിയിച്ചു.

സഊദിയിൽ നിന്ന് അന്താരാഷ്ട്ര യാത്രക്കാർ പോകുന്ന രാജ്യത്തെ നിബന്ധനകൾ പാലിക്കുകയും ആവശ്യകതകൾ ഉറപ്പ് വരുത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യാത്രികരെ ബോധവത്കരിക്കുന്നതിന് എയർലൈൻ കമ്പനികൾക്ക് ഉത്തരവാദിത്വവും ഉണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

അതേസമയം, വിദേശങ്ങളിൽ നിന്ന് തിരിച്ചുവരുമ്പോള്‍ പിസിആര്‍ ടെസ്റ്റെടുത്ത് ഏഴു ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പരമാവധി സൂക്ഷിക്കണമെന്നും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, വിലക്ക് നില നിൽക്കുന്ന രാജ്യങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും രാജ്യങ്ങളെ ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കുമോ എന്ന് വ്യക്തമല്ല. ഇത് വരെ സഊദി പൗരന്മാര്‍ക്ക് ഇതുവരെ രാജ്യത്ത് നിന്ന് പുറത്ത് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ഈ വിലക്ക് എടുത്തു മാറ്റിയാണ് നിബന്ധനകൾ പാലിച്ച് വിദേശങ്ങളിലേക്ക് പോകാമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ, വിദേശികള്‍ക്ക് സൗഊദിയില്‍ നിന്ന് പോകുന്നതിന് തടസ്സമുണ്ടായിരുന്നില്ല.

കൂടുതൽ സഊദി വാർത്തകൾക്കും പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകൂ👇

https://chat.whatsapp.com/LkUy47ZB3ui0WZzlgMTppi

Most Popular

error: