പ്രവാസികളുടെ പ്രതീക്ഷയായ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം

0
115

അബുദാബി: പ്രവാസികളുടെ പ്രതീക്ഷയായ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം. ഈ മാസത്തെ രണ്ടാമത്തെ ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികളിൽ 2 മലയാളികളടക്കം നാല് പേരും ഇന്ത്യക്കാരാണ്. യുഎഇയിൽ നിന്നും ഇന്ത്യയിൽ നിന്നും ഓരോ ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷത്തിലേറെ രൂപ) വീതമാണ് ഇവർ നേടിയത്. സ്വപ്‌നങ്ങൾ യാഥാർഥ്യമായതിലുള്ള സന്തോഷത്തിലാണ് ഈ ഭാഗ്യശാലികൾ.

അജയ് കുമാർ, ശ്രീജിത്ത് ശ്രീധരൻ എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. 17 വർഷമായി ദുബായിൽ ഫിനാൻസ് അനലിസ്റ്റായി ജോലി ചെയ്യുന്ന അജയ് കുമാർ 2017 മുതൽ എല്ലാ മാസവും സുഹൃത്തുക്കളുടെ ഒരു സംഘത്തോടൊപ്പം ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ബിഗ് ടിക്കറ്റിൽ നിന്നുള്ള കോൾ എത്തിയത്. 

‘ഞാൻ ഉടൻ തന്നെ ആ ശബ്ദം തിരിച്ചറിഞ്ഞു. പ്രശസ്തമായ ശബ്ദമായതുകൊണ്ട് തന്നെ തമാശയാണെന്ന് കരുതി. എന്റെ നമ്പർ സ്ഥിരീകരിച്ചപ്പോഴാണ് ഇത് യാഥാർഥ്യമാണെന്ന് മനസ്സിലായത്. അതോടെ ഞാൻ ആവേശത്തിലായി’-അജയ് കുമാർ പറഞ്ഞു. പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുത്തത്.

ഓരോരുത്തർക്കും 10,000 ദിർഹം വീതം പങ്കുവയ്ക്കും. ജനുവരി മൂന്നിലെ നറുക്കെടുപ്പിൽ വീണ്ടും വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസിയായ ശ്രീജിത്ത് ശ്രീധരൻ തന്റെ വിജയത്തിൽ ആവേശഭരിതനാണ്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ കൂടുതൽ സമയമെടുക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

30 വർഷമായി ദുബായിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ റിതേഷ് ധനാക് കംപ്യൂട്ടർ അധ്യാപകനാണ്. 15 വർഷമായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. രണ്ടെണ്ണം വാങ്ങിയാൽ മൂന്നെണ്ണം സൗജന്യം എന്ന ഓഫർ കേട്ടാണ് ഇത്തവണ ടിക്കറ്റ് എടുത്തത്. വിജയിച്ച വിവരം അറിയിച്ചുള്ള കോൾ ആദ്യം തട്ടിപ്പാണെന്ന് കരുതിയെന്നും സത്യമാണെന്ന് മനസ്സിലാക്കിയപ്പോൾ പ്രാർഥന ഫലിച്ചതുപോലെ തോന്നിയെന്നും 52 വയസ്സുകാരനായ റിതേഷ് പറഞ്ഞു. സമ്മാനത്തുക കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയ്ക്കും മകളുടെ വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

സമ്മാനം നേടിയ ബീഹാർ സ്വദേശി ഷാക്കിർ അഹ്മദ് നസ്‌റുൽ ഹഖ്(38) ആറ് വർഷമായി ഫുജൈറയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്നു, കഴിഞ്ഞ എട്ട് മാസമായി അദ്ദേഹം ടിക്കറ്റ് എടുക്കുന്നു. ‘ഞാൻ മാസങ്ങളായി ശ്രമിക്കുകയായിരുന്നു, ഒടുവിൽ എന്റെ ഭാഗ്യം എത്തി’. സമ്മാനത്തുക നാട്ടിലേക്ക് അയച്ച് വീട് പണി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അബുദാബി സ്വദേശിയായ അലി അൽകഅബിയാണ് വിജയിച്ച അഞ്ചാമത്തെയാൾ. അദ്ദേഹം ഇതുവരെ പണം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.