“ബുർജ് ഖലീഫയുടെ റെക്കോർഡ് തകർക്കുമോ”?, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, റെക്കോർഡ് സ്വന്തമാക്കാൻ മെഗാടവർ നിർമ്മാണം കുതിക്കുന്നു

0
5

ദുബായ്/ ജിദ്ദ: ജിദ്ദ ടവർ ( കിങ്ഡം ടവർ) അതിവേഗ നിർമാണവുമായി മുന്നോട്ട്. വർഷങ്ങളോളം നിലച്ചുപോയ നിർമാണ പ്രവർത്തനം പുനരാരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഈ മെഗാടവർ കുതിക്കുകയാണ്. സൗദി വിഷൻ 2030 ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് തകർക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം 2025 ജനുവരിയിലാണ് ജിദ്ദ ടവറിന്റെ നിർമാണം ഔദ്യോഗികമായി പുനരാരംഭിച്ചത്. അതിനുശേഷം വെറും 3-4 ദിവസത്തിനുള്ളിൽ ഒരു നില വീതം കൂട്ടിച്ചേർത്തുകൊണ്ട് കെട്ടിടം ഇപ്പോൾ 80-ാം നില പിന്നിട്ടിരിക്കുകയാണ്. നിലവിൽ (2025 ഡിസംബർ) 78 നിലകളിൽ എത്തിയെന്നാണ് വിവരം.

1,008 മീറ്ററോ അതിലധികമോ (ഒരു കിലോമീറ്ററിലേറെ) ഉയരം ലക്ഷ്യമിടുന്ന ഈ ടവർ, നിലവിലെ ലോക റെക്കോർഡായ ബുർജ് ഖലീഫയുടെ 828 മീറ്റർ ഉയരത്തെ 173 മീറ്ററിലേറെ മറികടക്കും. 2028ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി ബിൻലാദൻ ഗ്രൂപ്പ്, ദാർ അൽ-ഹന്ദസ, ടേണർ കൺസ്ട്രക്ഷൻ എന്നിവർ സംയുക്തമായാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്.

∙ സാങ്കേതിക വിസ്മയം, കിരീടം സൗദിക്കായി
അതിവേഗത്തിലുള്ള നിർമാണത്തിനായി പ്രത്യേക ഹൈ-പ്രഷർ പമ്പുകൾ ഉപയോഗിച്ച് കോൺക്രീറ്റ് പമ്പിങ് നടത്തുന്നു. 157 നിലകളാണ് മൊത്തത്തിൽ ടവറിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7,500 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള, 5 മീറ്റർ കട്ടിയുള്ള കൂറ്റൻ കോൺക്രീറ്റ് പാഡാണ് ജിദ്ദ ടവറിന്റെ അടിത്തറ. 110 മീറ്റർ ആഴത്തിൽ ഉറപ്പിച്ച 270 പൈലുകളിലാണ് ഈ ഭീമാകാരമായ അടിത്തറ ഉറപ്പിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടിക സൗദിയുടെ പേരിലാകും. ജിദ്ദ ടവറിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഡൈനിങ് ഏരിയകൾ, ഇവന്റ് സ്പേസുകൾ എന്നിവയുൾപ്പെടെ അഞ്ച് നിലകളുള്ള അടിത്തറയുണ്ടാകും.

∙ ആകാശത്തേക്ക് മറ്റൊരു കുതിപ്പ്: റിയാദിൽ ‘റൈസ് ടവർ’
എന്നാൽ സൗദിയുടെ നിർമാണ സ്വപ്നങ്ങൾ ജിദ്ദ ടവറിൽ അവസാനിക്കുന്നില്ല. തലസ്ഥാനമായ റിയാദിൽ ആസൂത്രണം ചെയ്യുന്ന ‘റൈസ് ടവർ’ എന്ന പദ്ധതിയാണ് കൂടുതൽ കൗതുകകരമായ മറ്റൊന്ന്. ഇത് 2 കിലോമീറ്റർ (2000 മീറ്റർ) ഉയരം ലക്ഷ്യമിടുന്നു. ലോകത്തിലെ ആദ്യത്തെ 2 കിലോമീറ്റർ ഉയരമുള്ള അംബരചുംബിയായി ഇത് മാറിയാൽ ബുർജ് ഖലീഫയെയും ജിദ്ദ ടവറിനെയും ഇത് നിഷ്പ്രഭമാക്കും. നിലവിൽ രൂപകൽപന പൂർത്തിയാക്കി നിർമാണ കരാറുകാരെ തിരഞ്ഞെടുക്കുന്ന നടപടികളിലാണ് ഈ പദ്ധതി.