റിയാദ്: നേപ്പാൾ, മാലിദ്വീപ് തുടങ്ങി സഊദിയിലേക്ക് ഏതാണ്ട് രാജ്യങ്ങൾ ഓരോന്നായി നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ സഊദി പ്രവാസികളുടെ യാത്രാ പ്രശ്‌നം വീണ്ടും സജീവ ചർച്ചയായി. നേപ്പാൾ പൂർണ്ണമായും മാലിദ്വീപ് ഭാഗികമായും അടഞ്ഞതോടെ സഊദിയിലേക്ക് നിലവിലെ സാഹചര്യത്തിൽ എത്താനുള്ള മാർഗങ്ങളിൽ ഒന്ന് ബഹ്‌റൈൻ വഴിയാണ്. എന്നാൽ, ബഹ്‌റൈൻ വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വിസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ പുലർത്തണമെന്നാണ് നേരത്തെ ഇത് വഴി വന്ന പ്രവാസികൾ ഉണർത്തുന്നത്.
ബഹ്റൈനിൽ ഇറങ്ങുന്നതിനുള്ള വിസ നേരത്തെ തന്നെ തയ്യാറാക്കി കയ്യിൽ കരുതണമെന്നു ഇവർ നിർദേശിക്കുന്നു. വിസ ലഭ്യമാകാതെ ഓൺ അറൈവൽ വിസ ലഭിക്കുമെന്ന് കരുതി ബഹ്‌റൈനിൽ എത്തിയാൽ പല ഘട്ടങ്ങളിലും വിസ അനുവദിക്കാതിരിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഓൺ അറൈവൽ വിസ പ്രതീക്ഷിച്ച് എത്തുന്നവർക്ക് നാട്ടിലേക്ക് മടങ്ങി പോകുക മാത്രമേ വഴിയുണ്ടാകൂ. അതിനാൽ ഇക്കാര്യത്തിൽ യാത്രക്കാർ പൂർണ്ണ ശ്രദ്ധ പുലർത്തണം. മാത്രമല്ല, ബഹ്‌റൈനിൽ ഇറങ്ങാൻ കൊവിഡ് ടെസ്റ്റ് റിസൽറ്റിൽ ക്യു ആർ കോഡ് നിർബന്ധമാണെന്നതും അത് തന്നെ 48 മണിക്കൂറിനുള്ളിലെ ടെസ്റ്റ് റിസൾട്ട് വേണമെന്നതും ശ്രദ്ധിക്കണം.
മാലിദ്വീപിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ജനസാന്ദ്രത കൂടുതലുളള പ്രദേശങ്ങളിൽ ഹോട്ടലുകളോ റിസോർട്ടുകളോ മറ്റു താമസ കേന്ദ്രങ്ങളോ നൽകരുതെന്നാണ് നിർദേശം. ഇതോടെ മറ്റിടങ്ങളിൽ താമസ സൗകര്യം കണ്ടെത്തി യാത്ര ഒരുക്കാൻ ട്രാവൽസുകൾ ഒരുങ്ങിയാൽ മാലിദ്വീപ് വഴി യാത്ര തുടരാനാകും. എന്നാൽ, ഇതിലെ സാങ്കേതി പ്രശ്‌നങ്ങളും സാമ്പത്തിക ചിലവ് കൂടുന്നതും തടസമാകുന്നുണ്ട്. മാത്രമല്ല, ഏത് സമയത്തും പൂർണ്ണ വിലക്ക് ഉണ്ടാകാനും സാധ്യതയുണ്ട്.
ശ്രീലങ്ക വഴിയും സഊദിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ശ്രീലങ്ക വഴിയുള്ള യാത്രക്ക് ചിലവ് വളരെ അധികമായതിനാലാണ് പ്രവാസികൾ ഇത് തിരഞ്ഞെടുക്കാത്തതെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നുണ്ട്.