റിയാദ്: സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക അഭിമുഖം നാളെ രാത്രി പ്രക്ഷേപണം ചെയ്യും. സഊദി മുഖഛായ തന്നെ മാറ്റിയ സഊദി വിഷൻ 2030 പ്രഖാപനത്തിന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് കിരീടവകാശിയുടെ പ്രത്യേക അഭിമുഖം പുറത്ത് വരുന്നത്. കിരീടവകാശിയുടെ അഭിമുഖം പുറത്ത് വരുന്ന വാർത്ത തന്നെ സഊദി മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എക്സ്ക്ലൂസീവ് അഭിമുഖം എന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തായിരിക്കും കിരീടവകാശിയുടെ പുതിയ പ്രഖ്യാപനം എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
ഔദ്യോഗിക സഊദി ടെലിവിഷൻ അടക്കം ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിക്ക് വിവിധ ചാനലുകൾ അഭിമുഖം പ്രക്ഷേപണം ചെയ്യും. റൊട്ടാന ഖലീജിയയിലെ ലിവാൻ അൽ മുദൈഫിർ പരിപാടിയിൽ അബ്ദുള്ളാഹ് അൽ മുദൈഫിർ ആണ് അവതാരാകൻ. സഊദി കോടീശ്വരൻ അൽ വലീദ് ബിൻ തലാൽ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള റിയാദ് ആസ്ഥാനമായുള്ള റൊട്ടാന നെറ്റ് വർക്കിന്റെ കീഴിലുള്ളതാണ് അറബ് മേഖലയിലെ തന്നെ പ്രധാന മാധ്യമമായ റൊട്ടാന ഖലീജിയ ചാനൽ.
ഇതിന് മുമ്പ് 2017 ൽ എം ബി സി ചാനലിലും 2016 ൽ അൽ അറബിയ ചാനലിലുമാണ് കിരീടവകാശി അഭിമുഖം നൽകിയിരുന്നത്. വൻ പ്രാധാന്യമുള്ള ഈ ചാനൽ അഭിമുഖങ്ങളിലാണ് സഊദി മുഖഛായ തന്നെ മാറ്റുന്ന പല പ്രഖ്യാപനങ്ങളും പുറത്ത് വന്നിരുന്നത്. അതേ പ്രാധാന്യത്തോടെ തന്നെ ഈ അഭിമുഖത്തിലും പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇