ജിദ്ദ: ജീവിതത്തിൽ ഒരു സത്യ വിശ്വാസി ചെയ്യുന്ന നന്മകൾക്ക് പത്ത് ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം നൽകപ്പെടുന്ന സാഹചര്യത്തിൽ അതിനു വേണ്ടി സ്വയം മത്സരിച്ചു കൊണ്ട് അത് കരസ്ഥമാക്കുവാൻ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ടെന്നു ഐ എസ് എം പ്രസിഡണ്ട് ശരീഫ് മേലേതിൽ ഉദ്ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ പ്രതിവാര ഓൺലൈൻ ക്ലാസിൽ ‘മത്സരിക്കുക നാം സ്വർഗ്ഗത്തിനായി’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തി, സൂക്ഷ്മത, ഉദ്ദേശശുദ്ധി, നിഷ്കളങ്കത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ വിശ്വാസിയുടെയും സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടുകയും പ്രതിഫലം നല്കപ്പെടുകയും ചെയ്യുന്നത്. നോമ്പിന്റെ പ്രത്യേകത എന്ന് പറയുന്നത് റമദാനിൽ നാം ഒരു തെറ്റ് ചെയ്യുമ്പോൾ അതിനു തത്തുല്യമായ ഒരു ശിക്ഷ മാത്രമാണ് സ്രഷ്ടാവ് നൽകുന്നത്. എന്നാൽ അതേ സമയം റമദാനിൽ നാം ഒരു നന്മ ചെയ്യുകയാണെങ്കിൽ ആ നന്മയ്ക്ക് പത്ത് ഇരട്ടി മുതൽ പ്രതിഫലം ആരംഭിക്കുന്നു.
നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തിക്ക് രണ്ടു വലിയ സന്തോഷങ്ങൾ ആണ് ലഭിക്കുന്നത്. ഒന്ന് നോമ്പ് തുറക്കുന്ന സമയത്ത് അവന് ലഭിക്കുന്ന ആനന്ദവും അനുഭൂതിയും. രണ്ടാമത്തെ കാര്യം പരലോകത്ത് വെച്ച് അവൻ തന്റെ സൃഷ്ടാവിനെ കണ്ടുമുട്ടും എന്ന സന്തോഷവും. ഇഹലോക ജീവിതത്തിൽ നോമ്പനുഷ്ഠിക്കുന്ന വ്യക്തി പരലോകത്ത് റയ്യാൻ എന്ന കവാടത്തിലൂടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. ഇത് നോമ്പുകാർക്ക് മാത്രം പ്രത്യേകം തയ്യാറാക്കപ്പെട്ട കവാടമാണ്. അതിലൂടെ നോമ്പുകാർ മാത്രമേ പ്രവേശിപ്പിക്കപ്പെടൂ എന്നതാണ് അതിന്റെ പ്രത്യേകത. ഈ കവാടത്തിലൂടെ യുള്ള പ്രവേശനത്തിനായി നാം പരിശ്രമിക്കുകയും ഉത്സാഹിക്കു കയും വേണം.
നോമ്പിനെ ഖുർആനിന്റെ മാസം ആക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.അഥവാ ഖുർആൻ കൂടുതൽ പാരായണത്തിന് വിധേയമാക്കുകയും മനഃപാഠമാക്കുകയും ചെയ്യേണ്ടതുണ്ട് മടികൂടാതെ അത് നിർവഹിക്കുവാൻ വിശ്വാസി സമൂഹം തയ്യാറാകണം. തന്റെ ഖുർആൻ പാരായണത്തിന് ഖുർആനിലെ അധ്യായങ്ങളും ആയത്തുകളും സാക്ഷിയായി വരുമെന്ന് സ്രഷ്ടാവ് നമുക്ക് നൽകുന്ന വാഗ്ദാനമാണ്. നന്മകൾ വർധിപ്പിച്ച് പരലോകത്ത് സ്രഷ്ടാവിനെ കണ്ടുമുട്ടുക എന്ന ഏറ്റവും വലിയ സൗഭാഗ്യം നേടാൻ നാം കഴിവിന്റെ പരമാവധി പരിശ്രമിക്കണമെന്ന് അദ്ദേഹം സദസ്യരെ ഉൽബോധിപ്പിച്ചു.
ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി അംഗം അബ്ദുൽഅസീസ് സ്വലാഹി നന്ദിയും പറഞ്ഞു