റിയാദ്: രാജ്യത്ത് അസ്ട്രാസെനിക്ക കൊവിഡ് വാക്സിൻ ഉപയോഗിച്ച 15 പേരിൽ രക്തം കട്ടപിടിച്ചതായി (സ്‌ട്രോക്ക്) റിപ്പോർട്ട് ചെയ്തതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വെളിപ്പെടുത്തി. എന്നാൽ, ഇതിൽ ആശങ്കപ്പെടാനില്ലെന്നും രണ്ടു ലക്ഷം പേരിൽ ഒരാൾക്ക് എന്ന തോതിലാണ് അസ്ട്രാസെനിക്ക വാക്‌സിൻ സ്വീകരിച്ചതു മൂലം രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു. ആഗോള ശരാശരി ഒന്നേകാൽ ലക്ഷം പേർ മുതൽ പത്തു ലക്ഷം വരെ പേരിൽ ഒരാൾ എന്ന തോതിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
വാക്‌സിൻ ഉപയോഗിക്കുന്നതു മൂലം രക്തം കട്ടപിടിക്കാനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറയാനും സാധ്യതകളുണ്ട്. വാക്‌സിനേഷൻ മൂലം പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതികരണം രക്തത്തിലെ പ്ലേറ്റുകൾ വൻതോതിൽ സജീവമാകാൻ ഇടയാക്കുമെന്നത് സാധ്യതകളിൽ ഒന്നാണ്. ഇത് പ്ലേറ്റുകളുടെ എണ്ണം കുറയുന്നതിലേക്കും രക്തം കട്ടപിടിക്കുന്നതിലേക്കും നയിക്കുമെന്നും സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.
നേരത്തെ, രക്തം കട്ട പിടിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ അസ്ട്രാസെനിക്ക വാക്‌സിൻ ഉപയോഗം നിർത്തിവെച്ചിരുന്നു. പിന്നീട് ഇക്കൂട്ടത്തിൽ പെട്ട ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിൻ ഉപയോഗം പുനരാരംഭിച്ചു. എന്നാൽ കൂടുതൽ പ്രായമുള്ളവരിൽ ഈ വാക്‌സിൻ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്.