Saturday, 27 July - 2024

സഊദിയിലെ റമദാൻ പൊതുമാപ്പ്; ചില കേസുകളിൽ ലഭ്യമാകില്ലെന്ന് മന്ത്രാലയം, വിദേശികളുടെ അഞ്ച് ലക്ഷം റിയാൽ വരെ പിഴകൾ എഴുതിത്തള്ളും.

റിയാദ്: രാജ്യത്ത് റമദാൻ പൊതുമാപ്പ് ചില കേസുകളിലെ പ്രതികൾക്ക് ലഭ്യമാകില്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. രാജ്യദ്രോഹം ഉൾപ്പെടെ 41 കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരാണ് പൊതുമാപ്പ് പരിധിക്ക് പുറത്തുള്ളത്.

ദേശവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുക, കൊലപാതകം, ആഭിചാരം, മനുഷ്യക്കച്ചവടം, മതനിന്ദ, കുട്ടികൾക്ക് നേരെയുള്ള പീഡനം, ഭിന്നശേഷിക്കാരോടുള്ള വിദ്വേഷ പ്രകടനം, വാണിജ്യവഞ്ചനയും ബിനാമി വ്യവസായവും, കള്ളപ്പണം വെളുപ്പിക്കൽ, കള്ളപ്പണം വിനിയോഗിക്കൽ, രാജ്യദ്രോഹികൾക്കോ കുറ്റവാളികൾക്കോ അഭയം നൽകൽ, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, ഗവൺമെന്റ് ജീവനക്കാർക്ക് (ഡോക്ടർമാർ, സ്‌കൂൾ- യൂനിവേഴ്‌സിറ്റി അധ്യാപകർ, ആരോഗ്യപ്രവർത്തകർ, നാഷനൽ ഗാർഡ് ഉദ്യോഗസ്ഥർ) നേരെയുള്ള കയ്യേറ്റം, പദവി ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൈക്കൂലി സ്വീകരിക്കുകയോ വ്യാജരേഖകളും സീലുകളും നിർമിക്കുകയോ കള്ളനോട്ട് കേസിൽ ഉൾപ്പെടുകയോ ചെയ്യൽ, അനധികൃത രൂപത്തിൽ സൗദി പൗരത്വം നേടാൻ ശ്രമിക്കൽ, സൈനിക ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടൽ, രഹസ്യരേഖകളും വിവരങ്ങളും പുറത്തുവിടൽ, ധനവിപണിയിലെ കുറ്റങ്ങൾ, ബോംബുകളും ആയുധങ്ങളും വെടിക്കോപ്പുകളുമായി പിടിയിലാകൽ, വണ്ടിച്ചെക്ക് നൽകൽ അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകൾ, ഗവൺമെന്റ് ജോലിക്കിടെ അഴിമതി കാണിക്കൽ തുടങ്ങിയ കേസുകളിൽ ജയിൽശിക്ഷ അനുഭവിക്കുന്നവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കാതെ വരിക.

എന്നാൽ, കുറ്റകൃത്യങ്ങളിലെ മുൻകാല ചരിത്രവും പെരുമാറ്റ രീതികളും അടിസ്ഥാനമാക്കിയായിരിക്കും കുറ്റവാളികൾക്ക് പൊതുമാപ്പ് ലഭ്യമാക്കുക. ജയിൽശിക്ഷ കാലാവധി അവസാനിച്ചിട്ടും പിഴ ഒടുക്കാൻ സാധിക്കാതെ തടവിൽ തുടരുന്ന വിദേശികളുടെ അഞ്ച് ലക്ഷം റിയാൽ വരെ പിഴകൾ എഴുതിത്തള്ളും. ഇതിൽ കൂടുതൽ സംഖ്യ പിഴ ഒടുക്കേണ്ട വിദേശികളുടെ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുകയാണ് ചെയ്യുക.

Most Popular

error: