കോഴിക്കോട്: സഊദി അറേബ്യയിൽ ദീർഘ കാലം സമസ്തയുടെ പേരിൽ പ്രവർത്തിച്ചു വന്നിരുന്ന എല്ലാ സംഘടനകളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് ഒരൊറ്റ സംഘടനക്ക് കീഴിൽ കൊണ്ടുവരണമെന്ന് പ്രവാസ ലോകത്തെ സമസ്ത പ്രവർത്തകരുടെ ആഗ്രഹം പരിഗണിച്ചു കൊണ്ട് സമസ്ത രൂപം നൽകിയ സമസ്തയുടെ ആധികാരിക പോഷക ഘടകമായ എസ്.ഐ.സി. സമസ്ത ഇസ്‌ലാമിക് സെന്റർ മാത്രമാണ് വിദേശത്തുള്ള ആധികാരിക സംഘടന എന്ന് സയ്യിദുൽ ഉലമാ സയ്യിദ് ജിഫ്‌രി മുത്തു കോയ തങ്ങൾ പ്രഖ്യാപിച്ചു. സമസ്തയുടെ ആഹ്വാനം ഉൾക്കൊണ്ടു കൊണ്ട് മഹത്തായ സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന എസ്‌ഐസി ക്കു തടസവും വിഘാതങ്ങളും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരിൽ നിന്നും ഉണ്ടാകരുതെന്നും തങ്ങൾ മുന്നറിയിപ്പ് നൽകി.
റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ എന്ന സംഘടന സമസ്തയുടെ അംഗീകാരമുള്ള സംഘടന അല്ലെന്നും, സമസ്തയുടെ ആധികാരിക സംഘടനയായ എസ്.ഐ.സി. ക്കു സമാന്തരമായ പ്രവർത്തനങ്ങൾ നടത്തരുതെന്നും, അത്തരം പ്രവർത്തനങ്ങൾ ഉണ്ടായാൽ അവരുമായി സഹകരിക്കാൻ കഴിയില്ലെന്നും ജിഫ്‌രി മുത്തുക്കോയ തങ്ങൾ താക്കീത് നൽകി.കെ.ഡി.എം.എഫ് കോഴിക്കോട്ട് സംഘടിപ്പിച്ച, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനുള്ള പണ്ഡിത പ്രതിഭ പുരസ്‌കാര അവാർഡ് ചടങ്ങിൽ തന്നെയാണ് സമസ്തയുടെ പരമോന്നത നേതൃത്വം കൂടിയായ പ്രസിഡന്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങളുടെ ഈ പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണ്.