Thursday, 12 September - 2024

റിയാദ് കെ ഡി എം എഫ് പണ്ഡിത പ്രതിഭാ പുരസ്‌കാരം കെ ഉമര്‍ ഫൈസിക്ക് സമ്മാനിച്ചു

കോഴിക്കോട്: പൂര്‍ണമായും സമസ്തക്കുവേണ്ടി സമര്‍പ്പിച്ച ജീവിതമാണ് സമസ്ത മുശാവറ അംഗം കെ. ഉമര്‍ ഫൈസി മുക്കത്തിന്റേതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) ഏര്‍പ്പെടുത്തിയ പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്‌കാരം ഉമര്‍ ഫൈസിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിഘട്ടങ്ങളില്‍ മഹാരഥന്‍മാരായ പണ്ഡിതന്‍മാര്‍ക്കും നേതാക്കന്‍മാര്‍ക്കും പിന്നില്‍ പ്രസ്ഥാനത്തിനൊപ്പം പാറപോലെ ഉറച്ചുനിന്ന വ്യക്തിയാണ് ഉമര്‍ ഫൈസി. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരം. അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പ്രതീക്ഷിച്ചല്ല പണ്ഡിതന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കി ജനങ്ങള്‍ അവര്‍ക്ക് അംഗീകാരം നല്‍കുന്നത് നല്ല കാര്യമാണ്. പ്രവാചകന്റെ കാലത്തും ഇതുപോലെ പല മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഉമര്‍ ഫൈസിയുടെ ദീര്‍ഘകാല സേവനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ചടങ്ങില്‍ സംസാരിച്ച മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതാത് കാലങ്ങളില്‍ ഉണ്ടാകുന്ന പല പ്രശ്‌നങ്ങളിലും പരസ്പരം ഇടപെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. പല വിഷയങ്ങളിലും അദ്ദേഹത്തോട് ഉപദേശം തേടിയിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുമ്പോള്‍ അവയെ ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിംലീഗിന്റെ ശൈലി. അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് ശൈലിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. മുസ്തഫ ബാഖവി പെരുമുഖം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. അബ്ദുല്ലത്തീഫ് ദര്‍ബാര്‍ പ്രശസ്തിപത്രം വായിച്ചു. സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എളമരം കരീം എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ഗഫൂര്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ടി.പി.സി തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബ്ദുല്‍ബാരി മുസ്ല്യാര്‍ വാവാട്, കെ.കെ ഇബ്രാഹിം മുസ്ല്യാര്‍, ക്രസന്റ് മുഹമ്മദ് ഹാജി, നവാസ് പൂനൂര്‍, ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് എ.പി.പി തങ്ങള്‍, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, പി. ഹസൈനാര്‍ ഫൈസി, എന്‍ജി. പി. മാമുക്കോയ ഹാജി, സലാം ഫൈസി മുക്കം, കെ.എന്‍.എസ് മൗലവി, അലി അക്ബര്‍ മുക്കം, കെ.പി കോയ, ടി.വി.സി സമദ് ഫൈസി, ശംസുദ്ദീന്‍ കോറോത്ത്, അശ്‌റഫ് അച്ചൂര്, ബശീര്‍ പാലക്കുറ്റി, മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, അശ്‌റഫ് കൊടുവള്ളി, മൊയ്തീന്‍കോയ കല്ലമ്പാറ, ശഹീല്‍ കല്ലോട്, അബ്ദുസലാം കളരാന്തിരി, അബ്ദുസമദ് പെരുമുഖം, അസീസ് പുള്ളാവൂര്‍, ശമീജ് കൂടത്താള്‍ സംസാരിച്ചു. മുക്കം ഉമര്‍ ഫൈസി മറുപടിപ്രസംഗം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ ഒ.പി അശ്‌റഫ് കുറ്റിക്കടവ് സ്വാഗതവും മുഹമ്മദ് ശബീല്‍ പൂവാട്ട്പറമ്പ് നന്ദിയും പറഞ്ഞു.

Most Popular

error: