സഊദിയിൽ സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ ചെയ്യുന്നതിന് വിദേശികൾക്ക് വിലക്ക്

0
3470

റിയാദ്: സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിദേശികൾക്ക് വിലക്ക്. ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ ആണ് പ്രമോഷൻ ഓഫറുകൾ ഉൾപ്പെടെയുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയ വഴി ചെയ്യുന്നതിൽ നിന്ന് വിദേശികളെ വിലക്കി സർക്കുലർ പുറത്തിറക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈസൻസ് ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് സഊദി അറേബ്യയിലെ തൊഴിൽ നിയമങ്ങളുടെയും പ്രവാസികളുമായി ഇടപെടുന്നതിനുള്ള നിയമങ്ങളുടെയും ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവാസികളും സന്ദർശകരും ഉൾപ്പെടെ നിരവധി വിദേശികൾ വ്യാപകമായി പരസ്യങ്ങൾ ചെയ്ത് വരുന്നത് ശ്രദ്ധയിൽ പെട്ടത്തോടെയാണ് ഇത്തരമൊരു തീരുമാനം. തുടർന്ന്, കമ്മീഷൻ നടത്തിയ പരിശോധനയിൽ, വാണിജ്യ രജിസ്ട്രേഷനോ നിയമപരമായ ലൈസൻസുകളോ വിദേശ നിക്ഷേപ ലൈസൻസുകളോ നേടാതെയാണ് വാണിജ്യ സ്ഥാപനത്തിന് വേണ്ടി ഇവർ പ്രവർത്തിക്കുന്നതെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.

പ്രവാസി പരസ്യദാതാക്കളുമായും താമസക്കാരുമായും സന്ദർശകരുമായും ഇത്തരത്തിൽ ഇടപാട് നടത്തുകയോ മാർക്കറ്റിംഗ് ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ചരക്കുകൾ എന്നിവക്കായി പരസ്യം ചെയ്യുകയോ അവരെ പരിപാടികൾക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്നും വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കുലർ പുറപ്പെടുവിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഒരു വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നവർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വാണിജ്യ പരസ്യം ചെയ്യാനുള്ള അനുമതി നൽകുന്ന ലൈസൻസും നിയമപരമായ രേഖകളും ഉള്ളവർക്ക് മാത്രമാണ് വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യത്തിനുള്ള നിയമപരമായ അവകാശം ഉള്ളൂവെന്ന് കമ്മീഷൻ വ്യക്തമാക്കി. പരസ്യവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് രാജ്യത്തെ ഓഡിയോവിഷ്വൽ മീഡിയ നിയമം അനുസരിച്ച് കമ്മീഷൻ ചുമതലകൾക്ക് അനുസൃതമായാണ് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.

ലൈസൻസ് ഇല്ലാതെ സ്വന്തം അക്കൗണ്ടിനായി വിദേശി ഒരു സാമ്പത്തിക പ്രവർത്തനം നടത്തുന്നത് “കുറ്റം” ആയാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റവാളികൾക്ക് 5 വർഷം വരെ തടവ് ശിക്ഷയും 5 ദശലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കും. സഊദി അറേബ്യയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും എല്ലാ ആളുകളും സ്ഥാപനങ്ങളും പാലിക്കണമെന്ന് കമ്മീഷനും വാണിജ്യ മന്ത്രാലയവും ആവശ്യപ്പെട്ടു.

അടുത്തിടെ, പ്രമുഖ വിദേശ സ്നാപ്പ്ചാറ്റർ താരത്തിന് സഊദി അറേബ്യ വൻ തുക പിഴ ചുമത്തിയിരുന്നു. ലൈസൻസില്ലാതെ ഓൺലൈൻ വ്യാപരം നടത്തിയ വനിത സ്‌നാപ്‌ചാറ്റ് താരത്തിന് 400,000 റിയാൽ പിഴയാണ് വിധിച്ചത്. ഇവർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ലൈസൻസില്ലാതെ ഓൺലൈൻ വ്യാപാരം; സഊദിയിൽ വനിത സ്‌നാപ്‌ചാറ്റ് താരത്തിന് 400,000 റിയാൽ പിഴ