ജിദ്ദ: പ്രവാചകൻ മുഹമ്മദ് നബി ക്കെതിരെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ നടത്തിയ വർഗീയ വിഷം ചീറ്റുന്ന അധിക്ഷേപം രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യം വച്ചുകൊണ്ടുള്ള കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും ആശയ ദാരിദ്ര്യം നേരിടുന്ന സംഘപരിവാർ ശക്തികളുടെ അജ്ഞത വിളിച്ചോതുന്നതാണ് പ്രവാചക നിന്ദയുടെ രൂപത്തിൽ പുറത്തുവന്നതെന്നും ഇത്തരം നികൃഷ്ട ജീവികളുടെ വിഷം വമിക്കുന്ന പ്രസ്താവനകൾക്ക് തടയിടാൻ രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതേതര ജനാധിപത്യ വിശ്വാസികൾ യോജിച്ചു പ്രവർത്തിക്കണമെന്നും സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതി കൗൺസിൽ അഭിപ്രായപ്പെട്ടു.
ലോകരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ബഹുസ്വരതയുമാണ് നാണംകെട്ടിരിക്കുന്നത്. കൃത്യമായ ആശയാദർശ അടിത്തറയുള്ള ഇസ്‌ലാമിനെ തകർക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ വിലപ്പോവില്ലെന്നും ബഹുസ്വരതയെ തകർത്തു കൊണ്ടുള്ള ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സംഘപരിവാർ ശ്രമങ്ങളെ ശക്തമായി നേരിടാൻ രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും ഒന്നിക്കേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.
മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അധിക്ഷേപിച്ച വിശ്വാസി സമൂഹത്തിന്റെ മനസ്സ് വ്രണപ്പെടുത്തിയവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ലോകരാജ്യങ്ങൾക്കു മുമ്പിൽ രാജ്യത്തെ നാണം കെടുത്തിയ ബി ജെ പി വക്താക്കൾ ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും കുറിച്ച് സത്യസന്ധമായ പഠനം നടത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
കൗൺസിലിൽ സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി അധ്യക്ഷത വഹിച്ചു. ഹസ്‌കർ ഒതായി സ്വാഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു.