മനാമ: ബഹ്‌റൈനിലേക്ക് വരുമ്പോൾ വിമാനത്തിൽ കയറുന്നതിന് മുമ്പ് സമർപ്പിക്കേണ്ട പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന എടുത്തു കളഞ്ഞതിന് പിന്നാലെ എയർപോർട്ടിൽ എത്തുമ്പോഴുള്ള ക്വാറന്റൈനും ഒഴിവാക്കി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശന നടപടിക്രമങ്ങളുടെ പുതുക്കിയ അപ്ഡേറ്റിലാണ് ഏറെ ആശ്വാസമാകുന്ന പുതിയ കാര്യം പ്രഖ്യാപിച്ചത്.
2022 ഫെബ്രുവരി 20 ന് ഞായറാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും. മനാമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ഉണ്ടായിരുന്ന കൊറോണ ലബോറട്ടറി പരിശോധനയും വിമാനത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കുമുള്ള മുൻകരുതൽ ക്വാറന്റൈനുമാണ് നിർത്തലാക്കുന്നത്. ബഹ്‌റൈനിൽ എത്തുന്ന എല്ലാ സ്വദേശികൾക്കും വിദേശികൾക്കും ഇതു ബാധകമാണ്.
ബഹ്‌റൈൻ കൊവിഡ് ആപ്പിലെ പച്ച ലോഗോ ഇല്ലാതെ നിലവിലുള്ള കേസുകളുമായി സമ്പർക്കം പുലർത്തുന്നവരുടെ മുൻകരുതൽ ക്വാറന്റൈനും റദ്ദാക്കുമെന്നും രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കായി ലബോറട്ടറി പരിശോധനകൾ നടത്തുന്നതിനുള്ള ഓപ്ഷനുകൾക്കൊപ്പം കോൺടാക്റ്റുകളുടെ സ്വാധീനം ട്രാക്കുചെയ്യുന്നതിനുള്ള സംവിധാനം അപ്‌ഡേറ്റ് ചെയ്യുമെന്നും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വിദേശങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്ക് വരുമ്പോഴുള്ള പി സി ആർ ടെസ്റ്റ് ബഹ്‌റൈൻ ഒഴിവാക്കിയിരുന്നത്. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ബഹ്റൈനിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും വിമാനത്തിൽ കയറുന്നതിന് മുമ്പ് നിർബന്ധമായിരുന്ന “പിസിആർ” നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് റദ്ദാക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചിരുന്നു.
ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കഴിഞ്ഞവർഷം ഏപ്രിൽ 27 മുതലാണ് കൊവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നത്. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
ബഹ്‌റൈനിലേക്ക് ഇനി “പി സി ആർ” ഇല്ലാതെ പറക്കാം, പ്രവേശന നടപടികൾ പരിഷ്കരിച്ചു




