ജിദ്ദ: സഊദി അറേബ്യയിൽ 30 വനിതാ ട്രെയിൻ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഒരു റെയിൽ ഓപ്പറേറ്റർ നൽകിയ തൊഴിൽ പരസ്യത്തിൽ അപേക്ഷയായെത്തിയത് 28,000 യുവതികൾ. ഇതാദ്യമായാണ് രാജ്യത്ത് സ്ത്രീകൾക്കായി ഇത്തരം ജോലികൾ പരസ്യപ്പെടുത്തുന്നത്. സ്പാനിഷ് റെയിൽവേ ഓപ്പറേറ്റർ റെൻഫെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോലികൾക്കായി സഊദി വനിതകൾ കാത്തിരിക്കുകയാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
വിജയിച്ച ഉദ്യോഗാർത്ഥികൾ ഒരു വർഷത്തെ പരിശീലനത്തിന് ശേഷം വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ അതിവേഗ ട്രെയിനുകൾ ഓടിക്കും. തങ്ങളുടെ പ്രാദേശിക ബിസിനസിൽ സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ റെൻഫെ, നിലവിൽ സഊദി അറേബ്യയിൽ ട്രെയിനുകൾ ഓടിക്കാൻ 80 പുരുഷന്മാരെ നിയമിക്കുന്നുവെന്നും കൂടാതെ 50 പേർക്ക് കൂടി നിർദ്ദേശമുണ്ടെന്നും വ്യക്തമാക്കി.
എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സഊദി സർക്കാർ സമീപ വർഷങ്ങളിൽ ശക്തമായി നടത്തി കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള നിരോധനം അവസാനിപ്പിക്കുക, സ്ത്രീകളെ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് പുരുഷ രക്ഷാകർതൃ നിയമങ്ങൾ ലഘൂകരിക്കുക എന്നിവയുൾപ്പെടെ നിരവധി സാമൂഹിക പരിഷ്കാരങ്ങളും സഊദിയിൽ നടപ്പാക്കിയിട്ടുണ്ട്.
അത്തരം മാറ്റങ്ങളുടെ ഫലമായി, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഏകദേശം ഇരട്ടിയായി 33 ശതമാനം ആയി ഉയർന്നതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുഎസ് ആസ്ഥാനമായുള്ള ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പ്രത്യേകിച്ച് പൊതുമേഖലയിലെ ഭൂരിഭാഗം ജോലികളിൽ ഇപ്പോഴും പുരുഷന്മാരുടെ ആധിപത്യമാണ്.




