മനാമ: ബഹ്‌റൈനിലേക്ക് വരുമ്പോൾ വിമാനത്തിൽ കയറുന്നതിന് മുമ്പ് സമർപ്പിക്കേണ്ട പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന എടുത്തു കളഞ്ഞു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശന നടപടിക്രമങ്ങളുടെ പുതുക്കിയ അപ്ഡേറ്റിലാണ് ഏറെ ആശ്വാസമാകുന്ന പുതിയ കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും.

കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബഹ്റൈനിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും വിമാനത്തിൽ കയറുന്നതിന് മുമ്പ് നിർബന്ധമായിരുന്ന “പിസിആർ” നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് റദ്ദാക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.
അതേസമയം, ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുമ്പോൾ ഉള്ള ലബോറട്ടറി പരിശോധന ഉൾപ്പെടെ മറ്റെല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും തുടരും. രാജ്യത്ത് നിലവിലുള്ള തീരുമാനങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകൾക്ക് മുൻകരുതൽ ക്വാറന്റൈൻ നിലവിൽ പ്രാബല്യത്തിൽ പ്രയോഗിച്ചതായും സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.
ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കഴിഞ്ഞവർഷം ഏപ്രിൽ 27 മുതലാണ് കൊവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നത്. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇




