കൊച്ചി: കുറ്റകൃത്യങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജെ പാർട്ടികൾ തടയാൻ പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് പൊലീസ്, ഹോട്ടലുകൾക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. എഫ് എൽ-3 ലൈസൻസ് പ്രകാരം ബാറുകൾക്കും ഹോട്ടലുകൾക്കും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുണ്ടെങ്കിൽ അതിനെതിരെ നിയമപരമായ നടപടികളാണ് എടുക്കേണ്ടത്. പകരം സ്ഥാപനങ്ങളുടെ പ്രവർത്തനം തടയുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു. പൊലീസിന്റെ നോട്ടീസിനെ ചോദ്യംചെയ്ത് ഹോട്ടൽ ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
കൊച്ചിയിൽ ഡിജെ പാർട്ടികളുടെ മറവിൽ വ്യാപകമായി ലഹരി ഉപയോഗവും ലഹരി കച്ചവടവും നടക്കുന്നുണ്ടെന്നും ഇത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. അതിനാൽ പുലർച്ചെ വരെ നീളുന്ന പാർട്ടികൾ നിയന്ത്രിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.എന്നാൽ ലൈസൻസ് വ്യവസ്ഥകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളെ ഇക്കാരണം പറഞ്ഞ് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ സർക്കാർ പുതിയ നിയമമോ ചട്ടമോ കൊണ്ടുവരണമെന്നും അങ്ങനെ ചട്ടം നിലവിൽവന്നാൽ മാത്രമെ പൊലീസിന് ഇടപെടാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
