കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ മുസ്ലിം ലീഗ് പക്ഷം പിടിച്ചതിനാലാണ് രമേശ് ചെന്നിത്തല എറണാകുളത്ത് നടന്ന യൂത്ത് ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന പരോക്ഷ വിമർശനവുമായി കെ ടി ജലീൽ. അയൽവീട്ടിലെ കാര്യത്തിൽ തലയിട്ട് കുടുക്കിലായ ലീഗ്! എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് കെ ടി ജലീൽ മുസ്ലിം ലീഗിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്.
കോൺഗ്രസ്സിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ പക്ഷം പിടിച്ച മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ വികല നയത്തിന് കൊടുക്കേണ്ടി വരുന്ന വില ‘ഡൽഹിയിലെ അവഗണന’ കൊണ്ട് തീരില്ലെന്ന സന്ദേശമാണ്, മന്ത്രിസഭയിലെ ‘ഒറിജിനൽ രണ്ടാമൻ’ (കേരള സ്റ്റേറ്റ് No: 2, നമ്പർ പ്ലേറ്റിലല്ല) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ യൂത്ത് ലീഗ് എറണാകുളം സമ്മേളനത്തിലെ അസാന്നിദ്ധ്യം നൽകുന്നതെന്നാണ് ഫേസ്ബുക്കിൽ കെ ടി ജലീൽ പങ്കുവെച്ചിരിക്കുന്നത്.
മുൻമുഖ്യമന്ത്രി കെ കരുണാകരനെ മാറ്റി എ കെ ആൻ്റെണിയെ മുഖ്യമന്ത്രിയാക്കാൻ ലീഗ് ഇടപെട്ടത് വിജയിച്ചത് മുതൽക്കാണ് കോൺഗ്രസിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ തങ്ങളുടെ ജൻമാവകാശമാണെന്ന മട്ടിൽ ലീഗ് പെരുമാറിത്തുടങ്ങിയതെന്ന വിമർശനവും ജലീൽ ഉയർത്തിയിട്ടുണ്ട്.
യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും കോൺഗ്രസ് ഹൈക്കമാൻ്റ് തീരുമാനിക്കുന്ന പോലെ എന്ന് പറഞ്ഞപ്പോൾ “കൊമ്പുള്ള” ലീഗ് “ഇന്നയാൾ” വേണമെന്ന് ശാഠ്യം പിടിച്ചു. മൽസരാർത്ഥികളായ മറ്റു രണ്ടുപേർ അതോടെ അപമാനിതരായി. അവർ ലീഗിനോട് “കണക്ക്” തീർക്കാൻ കിട്ടുന്ന അവസരം സമർത്ഥമായി ഉപയോഗിക്കും. അതു മനുഷ്യസഹജമാണ്. മുനവ്വറലി തങ്ങൾ ഉൾപ്പടെയുള്ള യൂത്ത് ലീഗ് നേതാക്കൾക്കെതിരെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിന് പൊലീസ് കേസെടുത്തതും അയൽക്കാരൻ്റെ വീട്ടിലെ ഗൃഹനാഥൻ ആരാകണം എന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വിലയാകുമോ എന്നും ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
