വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം തിരിച്ചിറക്കി

News Desk
1 Min Read

ബെംഗളൂരു: വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ് കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിലാണ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന കുറിപ്പ് കണ്ടെത്തിയത്.

കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും എന്നായിരുന്നു ഭീഷണി. തുടർന്ന് വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരികെ ഇറക്കി. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.

178 യാത്രക്കാരുമായി വൈകുന്നേരം 5:50 ന് ബെംഗളൂരുവിൽ നിന്ന് പറന്നുയർന്ന 6E451 നമ്പർ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരൻ ഈ കുറിപ്പ് കണ്ടത്- “ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും. ഇത് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും”. യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിനെ അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് മുൻകരുതലെന്ന നിലയിൽ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരോ തന്നെയാണ് ഈ കുറിപ്പ് വച്ചതെന്നാണ് സംശയം. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ യാത്രക്കാരെ ചോദ്യം ചെയ്തു. ആരാണ് കുറിപ്പ് വച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ പൂർണ്ണ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ വിമാനം വീണ്ടും പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!