‘മഞ്ഞയും ചുവപ്പും കലർന്ന പരമ്പരാഗത കന്നഡ പതാകയ്ക്ക് സംസ്ഥാന പതാകയെന്ന പദവി നൽകും’; മുഖ്യമന്ത്രി ഡി കെ ശിവകുമാർ

News Desk
1 Min Read

ബെംഗളൂരു: മഞ്ഞയും ചുവപ്പും കലര്‍ന്ന കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാകയ്‌ക്കൊപ്പം ഇതും ഉയര്‍ത്തുന്നത് ഉറപ്പാക്കാന്‍ നിയമപരമായ ചട്ടക്കൂട് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.

സംസ്ഥാന രൂപീകരണ ദിനമായ ‘കര്‍ണാടക രാജ്യോത്സവ’ത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് വരാനിരിക്കുന്ന ബെലഗാവി നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചത്. ‘ദേശീയ പതാക ഉയര്‍ത്തുന്നത് നിങ്ങള്‍ ഇപ്പോള്‍ കണ്ടുവല്ലോ. ആ ദേശീയ പതാകയ്ക്ക് തൊട്ടരികിലായി ഞാന്‍ കന്നഡ പതാകയും ഉയര്‍ത്തിയിരിക്കുന്നു. ഈ കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്,’ ശിവകുമാര്‍ പറഞ്ഞു.

നേരത്തെ, മന്ത്രിസഭയില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും, അതിന് അംഗീകാരം ലഭിച്ചിരുന്നില്ല. സംസ്ഥാനത്തിന് സ്വന്തമായി ഒരു ഗീതം (സംസ്ഥാന ഗീതം) ഉള്ളതുപോലെ, കന്നഡിഗരുടെ ആത്മാഭിമാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഔദ്യോഗിക സംസ്ഥാന പതാക വേണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹമാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.

മഞ്ഞയും ചുവപ്പും കലര്‍ന്ന ഈ പതാക ഇതിനകം തന്നെ കന്നഡിഗരുടെ വികാരങ്ങളുടെ പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. കര്‍ണാടകയുടെ വിജ്ഞാന പാരമ്പര്യം, സംസ്‌കാരം, മതസൗഹാര്‍ദം, സമാധാനം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പതാകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ഫെഡറല്‍ ചട്ടക്കൂടിനുള്ളില്‍ കര്‍ണാടകയുടെ സ്വത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സംസ്ഥാന പതാക സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!