ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

News Desk
1 Min Read

കൊച്ചി: അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണനാണ് മരിച്ചത്. ചേരാനല്ലൂരിൽ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

വാഹനമോടിച്ച 17-കാരനെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഓടിച്ച ബെൻസ് കാർ ജഡ്ജിയുടെ പേരിലുള്ളതാണ്. അടുത്തിടെ നെടുമ്പാശ്ശേരിയിലുണ്ടായ അപകടത്തിന്റെ ആഘാതം മാറും മുമ്പാണ് കൊച്ചിയിൽ തന്നെ മറ്റൊരു അപകടവും ഉണ്ടായിരിക്കുന്നത്. 

തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു.

സംഭവം നടന്ന ഉടൻ തന്നെ ചേരാനല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് വിവരം. ബിഎൻഎസ്സിലെ 281, 106 (1) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയരിക്കുന്നത്. പൊതുവഴിയിൽ ശ്രദ്ധയില്ലാതെ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമാക്കി എന്നിവയാണ് ഈ വകുപ്പുകൾ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!