ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലയിടങ്ങളിലും ചൈനീസ് സേനയുമായി സംഘർഷാവസ്ഥ ഉണ്ടായെന്നും, ഇത് ഇപ്പോഴും തുടരുകയാണെന്നും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്.
ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് കപൂറാണ് ഇത് വെളിപ്പെടുത്തിയത്. രാജസ്ഥാനിലെ അൽവാറിലുള്ള ഐടിബിപി ക്യാമ്പിൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു ഈ മാസം വിരമിക്കാനിരിക്കുന്ന സേനാ മേധാവിയുടെ സുപ്രധാന പ്രതികരണം.
“കഴിഞ്ഞ കുറച്ചുദിവസങ്ങളായി അരുണാചൽ പ്രദേശിലെ പല ഭാഗങ്ങളിലും ചൈനീസ് സൈന്യവുമായി മുഖാമുഖം വരുന്ന സാഹചര്യമുണ്ടായി, അത് ഇപ്പോഴും തുടരുകയാണ്” എന്ന് കപൂർ വ്യക്തമാക്കി. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുമായി നിലനിൽക്കുന്ന ഈ സംഘര്‍ഷാവസ്ഥയില്‍ ഐടിബിപി പുതുതായി രൂപീകരിച്ച ‘ശൗര്യ കമാൻഡോകൾ’മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ അതിർത്തി ബറ്റാലിയനിലും ഈ കമാൻഡോകളെ വിന്യസിക്കുമെന്നും ഇത് സേനയ്ക്ക് പുതിയൊരു കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ പ്രസ്താവന അതിർത്തിയിലെ സാധാരണ സേനാ വിന്യാസത്തിന്റെയും മുൻകരുതലുകളുടെയും ഭാഗമായി പറഞ്ഞതാണെന്നും പുതിയ അടിയന്തര പ്രതിസന്ധികളെയല്ല സൂചിപ്പിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ പിന്നീട് വിശദീകരിച്ചു.
അതിർത്തിയിലെ സ്ഥിതിഗതികൾ നിലവിൽ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ) ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി കഴിഞ്ഞ മാസം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഐടിബിപി മേധാവിയുടെ ഈ വെളിപ്പെടുത്തൽ വരുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ താഴെത്തട്ടിൽ ഫ്ലാഗ് മീറ്റിംഗുകൾ തുടർച്ചയായി നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടന്ന ചർച്ചകൾ അതിർത്തിയിലെ സമാധാനത്തിന് നിർണായകമാണെന്നുമായിരുന്നു സിഡിഎസ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.
അതിർത്തിയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കഴിഞ്ഞ ആഴ്ച ആവർത്തിച്ചിരുന്നു. 2024-ലും 2025-ലും ഉണ്ടായിരുന്നതിനേക്കാൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിലവിൽ പുരോഗതിയുണ്ടെങ്കിലും അതിർത്തിയിലെ സ്ഥിരത പ്രധാനമാണെന്ന് ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അതിർത്തികളിൽ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒന്നാണ് ചൈനീസ് അതിർത്തിയെന്നും, ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയായ ചൈനയെ നേരിടാൻ പാരമ്പര്യ യുദ്ധമുറകൾ മാത്രം പോരാ എന്നും ഐടിബിപി മേധാവി ചൂണ്ടിക്കാട്ടി.
ചൈന തങ്ങളുടെ സൈന്യത്തെ വൻതോതിൽ ആധുനികവൽക്കരിച്ച പശ്ചാത്തലത്തിൽ, ഡ്രോൺ-ആന്റി ഡ്രോൺ സംവിധാനങ്ങൾ സേന വലിയ തോതിൽ സ്വായത്തമാക്കണമെന്നും ഡ്രോണുകൾ ഉപയോഗിച്ച് ചെറിയ രാജ്യങ്ങൾക്ക് പോലും വലിയ ശക്തികളെ നേരിടാനാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ആണി തറച്ച വടികളും ഇരുമ്പ് ദണ്ഡുകളുമായി ചൈനീസ് സൈനികർ നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് സമാനമായ ശാരീരിക സംഘർഷങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ‘സ്ട്രൈക്ക്’ എന്ന പേരിൽ ഐടിബിപി പുതിയ ആയോധന പരിശീലനം ആരംഭിച്ചിട്ടുണ്ട്.
2027 അവസാനത്തോടെ സേനയിലെ മുഴുവൻ ജവാന്മാർക്കും ഈ പ്രത്യേക കമാൻഡോ പരിശീലനം നൽകുമെന്നും ശത്രുജീത് കപൂർ വ്യക്തമാക്കി. 3,488 കിലോമീറ്റർ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന പ്രധാന സൈനിക വിഭാഗമാണ് ഐടിബിപി.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
