തൊടുപുഴ: രാത്രി നഗരത്തില്‍ വച്ച് തന്നെ ഉപദ്രവിച്ച യുവാവിനെ ഒരു കിലോമീറ്ററോളം ഓടിച്ച് പിടികൂടി പെണ്‍കുട്ടി. കട്ടപ്പന കുന്തളംപാറ സ്വദേശിനി 17കാരി വീണാസജിയാണ് പ്രതിയെ സാഹസികമായി പിടികൂടിപോലീസില്‍ ഏല്‍പ്പിച്ചത്. രക്ഷപ്പെടാന്‍വേണ്ടി അതിഥിത്തൊഴിലാളിയായി അഭിനയിച്ച പ്രതി എറണാകുളം സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി.
മാതാപിതാക്കള്‍ക്കൊപ്പം കട്ടപ്പനനഗരത്തില്‍ എത്തിയതായിരുന്നു വീണ. രാത്രി എട്ടുമണിയോടെ മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്നുവരുന്ന വഴിക്ക് കൊച്ചി സ്വദേശി ജാക്സണ്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ വീണയുടെ മാതാപിതാക്കള്‍ ഉണ്ടെന്ന് മനസിലാക്കിയ പ്രതി ഉടന്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് ഓടിമറയാന്‍ ശ്രമിച്ചു. വീഴ്ചയില്‍ കാല്‍മുട്ടിന് പരിക്കേറ്റെങ്കിലും വീണ ആക്രമിയുടെ പിന്നാലെ ഓടി.
പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തുവരെ ഇയാളെ ഓടിച്ചു. സ്റ്റാന്‍ഡിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ ആക്രമിയെ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് കട്ടപ്പന പോലീസിന് കൈമാറുകയായിരുന്നു. ജാക്‌സന്റെ പേരില്‍ പോലീസ് കേസ് എടുത്തു. സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായിയുള്ള ആര്‍മി പ്രീട്രെയിനിങ് കോഴ്സില്‍ പരിശീലനം നേടിവരികയാണ് വീണാസജി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
