ചെന്നൈ: പണം തട്ടാനുള്ള ലക്ഷ്യത്തോടെ യുവാവിനെ തട്ടിക്കൊണ്ടുപോയി. എന്നാൽ യുവാവിന്റെ കയ്യിൽ പണമൊന്നും ഇല്ലെന്നു കണ്ടതോടെ പുതിയ രീതി പരീക്ഷിച്ച് കവർച്ചക്കാർ.
യുവാവിനെക്കൊണ്ട് മൊബൈൽ ആപ്പ് വഴി ലോൺ എടുപ്പിച്ച ശേഷം എടിഎമ്മിൽനിന്ന് പിൻവലിച്ച പണവുമായി കവർച്ചാസംഘം കടന്നുകളയുകയായിരുന്നു. ബുധനാഴ്ച ചെന്നൈയിലെ പള്ളിക്കരണൈ പ്രദേശത്താണ് സംഭവം.
അജയ് എന്ന 21കാരനാണ് തട്ടിപ്പിനിരയായത്. നാലുപേർ ഉൾപ്പെടുന്ന കവർച്ചാസംഘം അജയിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകുകയും പണം ആവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. പണം ഇല്ലെന്ന് പറഞ്ഞതോടെ ഫോണിലെ ലോൺ ആപ്പിൽ വായ്പയ്ക്ക് അപേക്ഷ കൊടുപ്പിച്ചു. 9500 രൂപയുടെ വായ്പ ലഭ്യമായതോടെ ഈ പണം അടുത്തുള്ള എടിഎമ്മിൽനിന്ന് പിൻവലിപ്പിച്ച ശേഷം സംഘം പണവുമായി കടന്നു. അജയിന്റെ ഫോണും കവർച്ചക്കാർ കൊണ്ടുപോയി.
സംഭവത്തിൽ സായി അബുതാകിർ (അബു–18), പ്രകാശ് രാജ് (22), പൂബാലൻ (23), സഞ്ജയ് (21) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തെന്നും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും പൊലീസ് വ്യക്തമാക്കി.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
