- മോഷണത്തിനായി കേരളത്തിൽനിന്ന് 4 പേരെ വിമാനം കയറ്റി
ദോഹ/കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫിസിൽനിന്ന് 31 ലക്ഷം റിയാൽ (എട്ടുകോടിയിലേറെ രൂപ) കവർന്ന കേസിൽ കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ പിടിയിൽ. മോഷണം നടത്താൻ കേരളത്തിൽനിന്ന് നാലുപേരെ ഖത്തറിലേക്ക് കൊണ്ടുപോയെന്നാണ് കേസിലെ ആരോപണം. ബോംബെ ഷാജിയെന്ന ഷാജി, റാഷി പയ്യോളി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ആറുപേർക്കെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. പിടിയിലായ ബാലകൃഷ്ണനെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
2025 സെപ്റ്റംബർ 18ന് പുലർച്ചെയാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫിസിൽ കവർച്ച നടന്നത്. ഓഫിസിലുണ്ടായിരുന്ന ജീവനക്കാരനെ ബന്ധിയാക്കിയശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്താണ് പണം കവർന്നതെന്നാണ് പരാതി. ഖത്തറിൽ പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേർകൂടിയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവം നടന്ന് ഒരു വർഷത്തോളം കഴിഞ്ഞിട്ടും കവർച്ചയിൽ പരാതി നൽകാൻ കെ.എം.സി.സി നേതൃത്വം തയാറായില്ലെന്നത് സംഘടനയ്ക്കുള്ളിൽ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ വിശദീകരണം നൽകാത്ത നേതൃത്വത്തിനെതിരെ ചില പ്രവർത്തകർ പരസ്യമായി രംഗത്തെത്തുകയും മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വിമർശനമുയർത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ച പ്രവർത്തകരെ കഴിഞ്ഞ മാസം സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തതും വിവാദമായിരുന്നു.
തുടർന്ന് ഖത്തർ കെ.എം.സി.സി വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം കൊയിലാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ ഒരാൾ പിടിയിലായതോടെ കവർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
