കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശേരി സ്വദേശിനി ഹസീന മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവുണ്ടായതായി ആരോഗ്യവകുപ്പിന്റെ മൂന്നംഗ അന്വേഷണസംഘം കണ്ടെത്തിയെന്ന് മന്ത്രി കെ. മുരളീധരൻ. അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല.
മൂന്നാഴ്ച മുമ്പാണ് ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ഹസീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും കടുത്ത പനിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് രക്തസ്രാവമുണ്ടായി. ആരോഗ്യനില വഷളായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചെന്നാണ് വിവരം.
സംഭവത്തിൽ ചികിത്സപ്പിഴവുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് ആരോഗ്യവകുപ്പ് മൂന്നംഗ അന്വേഷണസംഘത്തെ നിയോഗിച്ചത്. സംഘം നടത്തിയ അന്വേഷണത്തിലാണു ചികിത്സപ്പിഴവുണ്ടായതായി കണ്ടെത്തിയതെന്നു മന്ത്രി വ്യക്തമാക്കിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
