ഉദ്ഘാടനം  നടത്താമെന്ന് നേരത്തെ റിയാസിനോട് പറഞ്ഞതാണെന്ന് എഎം ആരിഫ്: പിന്നാലെ കൂക്കിവിളിച്ച് സദസ്

News Desk
1 Min Read

ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുള്ള മക്കേക്കടവ് പാലം ഉദ്ഘാടനച്ചടങ്ങിനിടെ മുൻ എംപി എ എം ആരിഫിന് നേരെ കൂവൽ. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെയാണ് സദസിൽ നിന്ന് കൂക്കിവിളി ഉയർന്നത്. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച ആരിഫ് വേദിയിൽ മര്യാദ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

പടച്ചതമ്പുരാൻ വിധിച്ചത് ഞങ്ങൾക്കാണ്. അതുകൊണ്ട് ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നുവെന്നായിരുന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീർ പറഞ്ഞിരുന്നത്. പികെ ബഷീർ പറഞ്ഞ കാര്യങ്ങളോട് താൻ പൂർണമായി യോജിക്കുകയാണെന്ന് ആരിഫ് പറഞ്ഞു.മന്ത്രി മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യാൻ താൻ നേരത്തേ പറഞ്ഞിരുന്നതാണെന്നും അന്ന് തീയതി ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം നടക്കാതിരുന്നതെന്നും ആരിഫ് പറഞ്ഞു. അന്ന് പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ ചെറിയ ജോലികൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇപ്പോൾ ഉദ്ഘാടനം നടത്താൻ കഴിഞ്ഞുവെന്ന് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവലുണ്ടായത്.

ഇതിനിടെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ആരോപിച്ച് മുൻ വൈക്കം എംഎൽഎ സികെ ആശയും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. മൈക്ക് പിടിച്ചുവാങ്ങി വിളിച്ച് വരുത്തി തന്നെ അപമാനിച്ചെന്ന് പറഞ്ഞ് സികെ ആശ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.അതേസമയം, വേദിയിലുള്ളവരെ അഭിസംബോധന ചെയ്ത മന്ത്രി ബഷീര്‍ സ്ഥലം എംപി കെസി വേണുഗോപാലിന്റെ പേര് പറയാത്തതിനെ ആളുകള്‍ തിരുത്തിച്ചു. കെസി, കെസി എന്ന് സദസിലുണ്ടായിരുന്നവ‌ർ ആര്‍പ്പുവിളിച്ചു. എന്നാൽ കെസി വേദിയിലില്ലാത്തതിനാൽ അഭിസംബോധന ചെയ്യേണ്ടതില്ലെന്നായിരുന്നു ബഷീറിന്റെ പ്രതികരണം.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!