കരൾ പകുത്തു നൽകിയ ഭർത്താവിനെ വിട്ട് കാമുകനോടൊപ്പം പോയ യുവതി തിരിച്ചെത്തി; കുടുംബം മാപ്പ് നൽകി സ്വീകരിച്ചു; കോഴിക്കോട് കാണാതായ അധ്യാപികയുടെ കേസിൽ വൻ വഴിത്തിരിവ് 

malayalampress
2 Min Read
  • അധ്യാപികയായ കെ.അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും 12–ാം ദിവസം പൊലീസ് കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്നും കാണാതായ അധ്യാപികയെ പൊലീസ് കണ്ടെത്തി. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അധ്യാപികയായ കെ.അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും 12–ാം ദിവസം പൊലീസ് കണ്ടെത്തിയത്. അനുമോളെ കല്ലാച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണു താൽപര്യമെന്നു അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾക്കും ഭർത്താവിനും കുട്ടികൾക്കുമൊപ്പം വിട്ടയച്ചു. അനുമോളെ സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവും നിലപാടെടുത്തു.

മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപികയാണ് കെ.അനുമോൾ. കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പൊലീസ് ഇരുവരെയും കണ്ടെത്തിയത്. അബ്ദുൽ സമദ് ഈയിടെ എടുത്ത സിം കണക്‌ഷൻ പിന്തുടർന്നാണ് തൊട്ടിൽപാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് എത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും നാദാപുരം ഡിവൈഎസ്പി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. അനുമോൾക്ക് കൗൺസിലിങും നൽകി. അതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

നിരവധി ക്രിമിനൽ‍ കേസുകളിൽ പ്രതിയായ അബ്ദുൽ സമദിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് വടകര പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അബ്ദുൽ സമദിനെ വടകര കോടതിയിൽ ഹാജരാക്കി. ഇതേസമയം അനുമോളെ കല്ലാച്ചി കോടതിയിലും ഹാജരാക്കി. സമദിന്റെ സാന്നിധ്യം ഒഴിവാക്കി സ്വതന്ത്രമായി തീരുമാനമെടുക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. അനുമോളുടെ അച്ഛനും അമ്മയും ഭർത്താവും മക്കളും കല്ലാച്ചി കോടതിയിലെത്തിയിരുന്നു. തുടർന്ന്, കുടുംബത്തോടൊപ്പം പോകാനാണു താൽപര്യമെന്ന് അനുമോൾ കോടതിയെ അറിയിച്ചു. സ്വീകരിക്കാൻ തയാറാണെന്ന് കുടുംബവും പറഞ്ഞു. അബ്ദുൽ സമദിനെ വടകര കോടതി കുടുംബത്തോടൊപ്പം വിട്ടയച്ചു.

മക്കളെ ഉപേക്ഷിച്ചതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസ് നേരത്തെ നീക്കം നടത്തിയിരുന്നു. പതിനഞ്ചും പത്തും വയസ്സുള്ള മക്കളുടെ മൊഴിയും രേഖപ്പെടുത്തി. പിന്നീട് ഈ തീരുമാനത്തിൽ നിന്നും പൊലീസ് പിന്നോട്ടുപോയി. കഴിഞ്ഞതെല്ലാം മറന്നു സ്വീകരിക്കാമെന്നു കുടുംബം നിലപാട് എടുത്തതോടെ പൊലീസ് കടുത്ത വകുപ്പ് ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു.

∙ ഭർത്താവ് കരൾ പകുത്ത് നൽകി

അനുമോൾ പത്തുവർഷം മുൻപു വാർത്തകളിൽ നിറഞ്ഞിരുന്നു. ഗർഭിണിയായിരിക്കെ ഗുരുതര കരൾ രോഗം ബാധിച്ച അനുമോളെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കുടുംബത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ തൊട്ടിൽപാലത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചു.

പ്രണയിച്ചു വിവാഹം കഴി‍ച്ച ഭർത്താവ് സുഭാഷിന്റെ കരളിന്റെ ഭാഗമാണു മാറ്റിവച്ചത്. ഇക്കാര്യം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷം പിഎസ്‌സി പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് അനുമോൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!