- പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: സ്കൂൾ മതിലിൽ എഴുതിയതിൽ നടപടി സ്വീകരിച്ചു ആഭ്യന്തര മന്ത്രാലയം. ചുമരിൽ എഴുതിയ ആളെ കണ്ടെത്തിയ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് എഴുതിയ ഭാഗം മായ്ച്ചു വീണ്ടും പെയിന്റ് ചെയ്യിച്ചു. അലി സബാഹ് അൽ സാലമിലാണ് സംഭവം.
സ്കൂൾ ഭിത്തിയിൽ എഴുതുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ട്രാഫിക് പരാതികൾക്കായുള്ള വാട്സാപ്പ് നമ്പറിൽ ലഭിച്ചതിനെ തുടർന്നാണ് ഇടപെടൽ. അന്വേഷണ ഉദ്യോഗസ്ഥർ ആ വ്യക്തിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സംഭവം അയാൾ സമ്മതിച്ചു.
തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ വിളിച്ചുവരുത്തുകയും, കേടുപാടുകൾ പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം എഴുത്ത് നീക്കം ചെയ്യുകയും ഭിത്തി പെയിന്റ് അടിച്ച് പഴയ അവസ്ഥയിലാക്കുകയും ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
