ആലത്തൂർ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേർക്ക് ശനിയാഴ്ചയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ പാലക്കാട് കാവശ്ശേരി സ്വദേശിയും. പത്തനാപുരം പൊരിയങ്കുളം അഹമ്മദ്കുട്ടിയുടെയും ബദറുന്നീസയുടെയും മകൻ മുഹമ്മദ് റബ്ബാനിക്കാണ് (30) പരിക്കേറ്റത്.
50 ശതമാനം പൊള്ളലേറ്റ റബ്ബാനി റിയാദ് കിങ് സുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണെന്നാണ് ഇന്ത്യൻ എംബസിയിൽനിന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെന്നാണ് വിവരം.
50 ശതമാനം പൊള്ളലേറ്റു എന്നാണ് പ്രാഥമിക വിവരം ലഭിച്ചതെന്ന് ആലത്തൂർ പോലീസ് അറിയിച്ചിട്ടുണ്ട്. മുഹമ്മദ് റബ്ബാനി റിയാദ് എയർപോർട്ടിൽ മൂന്ന് വർഷമായി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പ് നാട്ടിൽ വന്ന് പോയതാണ്. ഒക്ടോബർ 23 ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
പിതാവ് അഹമ്മദ് കുട്ടി പെയിന്റിങ് തൊഴിലാളിയാണ്. മാതാവ്: ബദറുന്നീസ. സഹോദരൻ മുഹമ്മദ് കോയമ്പത്തൂരിൽ ഡിപ്ലോമ പഠനം കഴിഞ്ഞതാണെങ്കിലും മാനസിക അസുഖംമൂലം വീട്ടിൽ തന്നെയാണ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് റബ്ബാനിയുടേത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
