ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം: മലയാളി പെൺകുട്ടിക്ക് ക്രൂരമായ പോലീസ് മർദനം; ‘അടിയേറ്റ് ചെവി കേൾക്കാതായി

News Desk
1 Min Read

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത മലയാളി പെൺകുട്ടിക്ക് ഡൽഹി പൊലീസിന്റെ ക്രൂരമർദനം. എൻഎസ്‍യു പ്രവർത്തകയും ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥിനിയുമായ കോഴിക്കോട് പുല്ലാളൂർ സ്വദേശി ആതിര വിജയനെയാണു കൊണാട്ട് പ്ലേസിലെ എൻഎസ്‍യു മിന്നൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാനിലും പിന്നീട് സ്റ്റേഷനിലും ക്രൂരമായി മർദിച്ചത്. ദേഹമാസകലം പരുക്കേറ്റ ആതിര ഡൽഹി ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മർദനത്തെക്കുറിച്ച് ആതിര പറയുന്നു:

‘പൊലീസ് വാനിൽ ഞാനും രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു പെൺകുട്ടിയും മാത്രമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. വനിതാ പൊലീസ് ഇല്ലാത്തതു ചോദ്യം ചെയ്തപ്പോൾ കൊണാട്ട് പ്ലേസിലെ പൊലീസ് സ്റ്റേഷന്റെ മുന്നിൽ വാൻ നിർത്തി. മൂന്ന് വനിതാ പൊലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു. ഇവിടെ ആരാണ് വനിതാ പൊലീസിനെ ചോദിച്ചത്? നിങ്ങൾക്ക് ഇപ്പോൾ മതിയായില്ലേ? എന്നു ചോദിച്ചായിരുന്നു ആക്രമണം.

വലിച്ചിഴച്ചപ്പോൾ തല റോഡിൽ ഇടിച്ചു. നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി. രണ്ട് വനിതാ പൊലീസുകാർ എന്നെ മാത്രം ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു. വലതു ചെവി കേൾക്കാതെയായി. ചുണ്ട് പൊട്ടി ചോര വന്നു. എന്നെ ഒറ്റയ്ക്ക് ബേസ്മെന്റിൽ അകപ്പെടുത്തിയ വിവരം ആരെയെങ്കിലും വിളിച്ചു പറയാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ ഷാൾമുറുക്കി ശ്വാസം മുട്ടിച്ച് ഫോൺ പിടിച്ചുവാങ്ങി. രണ്ടര മണിക്കൂറിന് ശേഷമാണ് എൻഎസ്‌യുവിന്റെ നേതാക്കൾ എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.’ ആതിരയുടെ പരാതിയിൽ ഡൽഹി പൊലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യ മുന്നണിയുടെ സമരങ്ങളിൽ സജീവമാണ് ആതിര.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!