ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും സംയുക്തമായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 ന്യൂനതകൾ. ഹർജി ഇതുവരെ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ല.
കോടതി ഫീസായ 220 രൂപയുടെ കുറവ് ഉൾപ്പെടെയാണ് ന്യൂനതകൾ. ഒമ്പത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി എന്നിവയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ മറ്റ് പിഴവുകൾ.
സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവുത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2025 ജൂൺ 24-ലെ, എസ്ഐആർ ആരംഭിക്കാനുള്ള തീരുമാനത്തിന്റെയും വോട്ടർമാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും പെൻഡ്രൈവിലുള്ള ഡിജിറ്റൽ പകർപ്പുകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് 10 പ്രതിപക്ഷ നേതാക്കളും തിങ്കളാഴ്ചയാണ് ഹർജി ഫയൽ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളായി ചേർത്തിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
