‘ജനാധിപത്യം കശാപ്പ് ചെയ്യുന്നവർക്കെതിരെ പോരാട്ടം തുടരും: രാഹുൽ ഗാന്ധി

News Desk
1 Min Read

ന്യൂഡൽഹി: ‘ചലോ ദില്ലി’ മാർച്ചിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യൂണിഫോമായ സ്കാഫ് ധരിച്ച ഭീരുക്കളെ ഇന്ന് സമരമുഖത്ത് കണ്ടില്ലെന്ന് ആർഎസ്എസിനെ ലക്ഷ്യമിട്ട് അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ കാര്യങ്ങൾ സാധിച്ചെടുക്കുന്നവരാണ് ഇത്തരക്കാർ. ഇവർക്ക് ആരെയും നേരെ നിന്ന് നേരിടാൻ കഴിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സമരത്തിൽ പങ്കെടുത്തവർക്കും ‘ഇൻഡ്യ’ മുന്നണിയിലെ നേതാക്കൾക്കും നന്ദി അറിയിച്ചുകൊണ്ട് എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്.

ഞങ്ങളെ അടിച്ചമർത്താനോ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താനോ ഉള്ള നീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലയെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകും എന്നും രാ​ഹുൽ പറഞ്ഞു.

ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ സമരം മാത്രമല്ല; ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുന്ന പോരാട്ടമാണിത്. ഈ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രിംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരും പൊലിസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. റോഡുകൾ അടച്ച് മാർച്ച് തടയാൻ പൊലിസ് ശ്രമിച്ചെങ്കിലും, ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. കനത്ത പോലീസ് സന്നാഹത്തെയും പ്രതിരോധങ്ങളെയും വകഞ്ഞുമാറ്റിയാണ് പ്രവർത്തകർ മുന്നോട്ട് നീങ്ങിയത്.

തുടർന്ന് എസ്ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ‘ഇൻഡ്യ’ സഖ്യം സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധ മാർച്ചിനൊടുവിൽ ഇന്നത്തെ സമരം തൽക്കാലം അവസാനിപ്പിക്കുന്നതായി സഖ്യനേതാക്കൾ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!