അടിച്ചമർത്തൽ തുടരാൻ കേന്ദ്രം; 20000 അർദ്ധസൈനികർ ഒരു മാസത്തോളം ഡൽഹിയിൽ തുടരുമെന്ന് റിപ്പോർട്ടുകൾ

News Desk
1 Min Read

ന്യൂഡൽഹി: പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഡൽഹിയിൽ വിന്യസിച്ച ഇരുപതിനായിരത്തോളം അർദ്ധസൈനിക വിഭാഗം ഒരു മാസക്കാലം കൂടി രാജ്യതലസ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ടുകൾ. ​ഗ്യാനേഷ് കുമാറിനെതിരെ നടന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ജനകീയ ശബ്ദത്തെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന വിമർശനവും ഇതിനകം ഉയർന്നുകഴിഞ്ഞു.

ഉത്സവ സീസണായതിനാലാണ് സേനാ വിന്യാസം നീട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ജനരോഷത്തെയും സമരങ്ങളെയും നേരിടുകയെന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്ന് വ്യക്തം. ഇതിന്റെ ഭാഗമായാണ് ഡൽഹിയിൽ പതിറ്റാണ്ടുകളായി സമരങ്ങളുടെ ചരിത്രമുള്ള ജന്തർമന്തർ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതും. ഇതിലൂടെ ജനങ്ങളുടെ മൗലികാവകാശമായ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലും ഭരണകൂടം നിഷേധിക്കുകയാണ്.

ജന്തർ മന്തറിന് പകരം ഡൽഹിയിലെ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചത്. സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ഈ സ്ഥലങ്ങളിൽ അനുമതി നൽകും. പുതിയ വേദികളിൽ സമരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കും.

പാർലമെന്റിനും പ്രധാന സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതോടെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ നേരിട്ട് പ്രതിഷേധമെത്തിക്കാനുള്ള അവസരമാണ് പരിമിതപ്പെടുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് നടപടികൾ ശക്തമായിരിക്കെയാണ് പുതിയ തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!