മിനി കൂപ്പർ അപകടം; സുഹൈൽ  സജീവിനെയും നിനവിനെയും ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

News Desk
1 Min Read

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവ്, സുഹൃത്ത് നിനവ് എന്നിവരെ കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി.

ഇന്നലെ ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റിയത്. ഇരുവർക്കും 19 വയസാണ് പ്രായമെന്നും ജയിൽ ചട്ടമനുസരിച്ചാണ് നടപടിയെന്നുമാണ് അധികൃതർ അറിയിച്ചത്.

സർക്കാർ നിയമവും പ്രായവും പരിഗണിച്ചാണ് ജയിലിനുള്ളിലെ ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് സുഹൈലിനെയും നിനവിനെയും മാറ്റിയതെന്ന് ജയിൽ ഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം അറിയിച്ചു.

അമിതവേഗതയിലാണ് കാറോടിച്ചതെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചു. എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതിയുടെ മൊഴിയിലുണ്ട്. അപകടസമയത്തെ കാറിന്റെ വേഗമറിയാൻ വിദഗ്ദ്ധ പരിശോധന നടത്തും.നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടമുണ്ടായത്.

ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക (കുക്കു- 21), പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ.പ്രദീപ്കുമാറിന്റെ മകൾ ഗോപിക (22), കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.

കാക്കനാട് ഗോൾഡ് ടവറിൽ താമസിക്കുന്ന ആലപ്പുഴ ആലിശേരി സജീവ് ജമാൽ മൻസിലിൽ സുഹൈൽ സജീവ് ആണ് കാറോടിച്ചിരുന്നത്. ‘ഇഹ ഡിസൈൻസ്” വസ്ത്ര സ്ഥാപനത്തിന്റെ ചെയർമാൻ സജീവിന്റെയും സ്ഥാപനത്തിന്റെ എം.ഡിയായ പുഞ്ചപ്പാടത്ത് നൂഹയുടേയും മകനാണ് സുഹൈൽ. കാക്കനാട് രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്. കാറിലുണ്ടായിരുന്ന സുഹൃത്ത് നിനവാണ് കേസിലെ രണ്ടാം പ്രതി. നിനവിന്റെ സുഹൃത്തുക്കളായ അമീറിനും ജോയലിനുമെതിരെയും പ്രേരണാകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!